പോലീസിന്റെ ഇടയിലേക്ക് കാറോടിച്ച് കയറ്റി ലഹരിസംഘം; 100 ഗ്രാം എം.ഡി.എം.എ. അടങ്ങിയ ബാഗ് വലിച്ചെറിഞ്ഞ് കടന്നു
എറണാകുളം: ബെംഗളൂരൂവില്‍നിന്ന് ആഡംബരക്കാറില്‍ കടത്തിക്കൊണ്ടുവന്ന നൂറുഗ്രാം എം.ഡി.എം.എ. എറണാകുളം റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും ചെങ്ങമനാട് പോലീസും ചേര്‍ന്ന് പിടികൂടി. പ്രതികള്‍ രക്ഷപ്പെട്ടു.
തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ദേശീയപാതയിലൂടെ വാഹനത്തില്‍ എം.ഡി.എം.എ. കടത്തുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കരിയാടു വെച്ച് വാഹനം പോലീസ് തടഞ്ഞു. എന്നാല്‍, മയക്കുമരുന്ന് സംഘം അമിതവേഗത്തില്‍ പോലീസിന്റെ ഇടയിലേക്ക് വാഹനം ഓടിച്ചുകയറ്റി. പോലീസ് പെട്ടെന്ന് ഒഴിഞ്ഞുമാറിയതിനാല്‍ അപകടം ഒഴിവായി. തുടര്‍ന്ന് വേഗത്തില്‍ കടന്നുകളഞ്ഞ വാഹനത്തെ പോലീസ് പിന്തുടര്ന്നു.
ചെങ്ങമനാട് ജങ്ഷനു സമീപം വെച്ച് സംഘം വാഹനത്തിലുണ്ടായിരുന്ന രാസലഹരി ബാഗുള്‍പ്പെടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്ന് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചുപോയി. സംഘത്തെയും വാഹനത്തെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.