മംഗളൂരു: പൌരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മംഗളുരുവിലുണ്ടായ വെടിവെപ്പില്‍ സര്‍ക്കാരിനും പൊലീസിനുമെതിരെ കര്‍ണാടക ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പൊലീസിനെതിരെ നല്കിയ പരാതിയില്‍ എന്തുകൊണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് കോടതി ചോദിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്കിയ പരാതി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.
2019 ഡിസംബര്‍ 19 ന് മംഗളുരുവില്‍ നടന്ന പൗരത്വ പ്രക്ഷോഭത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ മരിച്ചവരുടെ ബന്ധുക്കളാണ് കോടതിയെ സമീപിച്ചത്. പൊലീസിനെതിരെ നൽകിയ കേസ് രജിസ്റ്റർ ചെയ്യുന്നില്ലെന്നായിരുന്നു ഇവരുടെ പരാതി. ഇവരുടെ പരാതിയില്‍ എന്തുകൊണ്ട് എഫ്ഐആര്‍ രേഖപ്പെടുത്തിയില്ലെന്ന് കോടതി ചോദിച്ചു. ബന്ധുക്കളുടെ പരാതി വ്യാജമാണെന്നാണ് പൊലീസിന്റെ വാദം. കേസെടുത്ത് അന്വേഷണം നടത്താതെ എങ്ങനെ പരാതി വ്യാജമാണെന്ന് പറയാന്‍ കഴിയുമെന്നും കോടതി വിമർശിച്ചു.
ഇരകള്‍ നല്കിയ ഒരു കേസ് പോലും പൊലീസ് രജിസ്റ്റര്‍ ചെയ്തില്ലെന്ന് പരാതിക്കാര്‍ വാദിച്ചു. ലോക്കല്‍ പൊലീസില്‍ നിന്നും അന്വേഷണം സിഐഡി ടീമിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ പരാതികളും സിഐഡി ടീമിന് നൽകിയിട്ടുണ്ടെന്ന മറുപടിയാണ് എജി കോടതയില്‍ നല്‍കിയത്.
അഡ്വക്കറ്റ് ജനറലിനോട് മാര്‍ച്ച് 17ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജീഫ് ജസ്റ്റിസ് അഭയ് ഓക്ക, ജസ്റ്റിസ് ഹേമന്ത് ചന്ദന്ഗൌഡര് എന്നിവർ നിര്‍ദ്ദേശം നല്കി. പ്രക്ഷോഭകര്‍ക്കെതിരെ 32 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് എഫ്ഐആര്‍ തയ്യാറാക്കിയ പൊലീസ്, പൊലീസിനെതിരെ നല്കിയ നിരവധി പരാതികളില്‍ ഒന്നുപോലും രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായിട്ടില്ല.
ഫെബ്രുവരി 18 ന് 21 പ്രതികളുടെ ജാമ്യം പരിഗണിക്കുന്ന ഘട്ടത്തിലും പൊലീസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കള്ളക്കേസുണ്ടാക്കിയെന്ന് കോടതി വിമർശിച്ചു. പോലീസിന്റെ വീഴ്ച മറയ്ക്കാനാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയെടുത്തതെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. കേസില്‍ അറസ്റ്റിലായ ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളില്‍ നിന്നുള്ള 21 പേർക്കും അന്ന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
ഡിസംബർ 19-നാണ് മംഗളുരുവിൽ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ ആൾക്കൂട്ടത്തിന് നേരെ പൊലീസ് വെടിവയ്ക്കുന്നത്. പൊലീസ് വെടിവെപ്പിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഒരാൾ വെടിയേറ്റ് ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. ഇതിന് ശേഷം, മേഖലയിൽ മുഴുവൻ കർഫ്യൂ ഏർപ്പെടുത്തിയ മംഗളുരു പൊലീസ്, സ്ഥലത്തെ മൊബൈൽ ഇന്റർനെറ്റ് സേവനം പൂർണമായും 48 മണിക്കൂർ നേരത്തേക്ക് റദ്ദാക്കുകയും ചെയ്തിരുന്നു. പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട രണ്ട് പേരുടെയും കുടുംബങ്ങളുമായി സംസാരിക്കാൻ ശ്രമിച്ചതിന് കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകരെ പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിയിരുന്നു.