ലാഭവിഹിത വാഗ്ദാനം; ബേക്കൽ സ്വദേശിയുടെ 31,92,785 രൂപതട്ടിയെടുത്തു; നാല് പേർ അറസ്റ്റിൽ
കാസർകോട്: ലാഭവിഹിതം വാഗ്ദാനം നൽകി ഓൺലൈൻ വഴി തൃക്കണ്ണാട് സ്വദേശിയുടെ 31,92,785 രൂപ തട്ടിയെടുത്ത മലപ്പുറം സ്വദേശികളായ നാല് പ്രതികളെ ബേക്കൽ ഡിവൈഎസ്പി ജയൻ ഡൊമിനിക്കിന്റെ കീഴിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. മലപ്പുറം താനൂർ അഞ്ചുഡി പുതിയകടപ്പുറം മുക്കാട്ടിൽ ഹൗസിൽ റിസാൻ മുബ ഷീർ(23), താനൂർ കോർമന്തല പുറഞ്ഞിന്റെ പുരക്കൽ പി.പി.അർസൽമോൻ (24), പരിയാപുരം മോയിക്കൽ ഒട്ടുമ്പുറം വീട് ഫാറൂക്ക്പള്ളി എം.അസീസ്(31), കോർമാൻ കടപ്പുറം ചെക്കിഡെന്റപ്പുരയിൽ സി. പി.താജുദ്ദീൻ എന്ന സാജു(40) എന്നിവരാണ് അറസ്റ്റിലായത്. തൃക്കണ്ണാട് മാരൻ വളപ്പ് സഞ്ജയ് കുമാർ കൃഷ്ണയുടെ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ലാഭവിഹിതം നൽകാമെന്ന വ്യവസ്ഥയിൽ ജോനാഥൻ സൈമൺ ഇൻസ്റ്റിറ്റിയൂഷണൽ സ്റ്റാർട്ടജിസ്റ്റ് സെന്റ് എന്ന വാട്ടസ് ആപ്പ് ഗ്രൂപ്പു വഴിയും അല്പാക്സ്സിപ്രോ എന്ന ട്രേഡിംഗ് ആപ്പ് വഴിയും 2024 ജനുവരി 8 മുതൽ ഫെബ്രുവരി 6 വരെയുള്ള പല ദിവസങ്ങളിലായി വിവിധ അകൗണ്ടുകളിലേക്ക് 31,92,785 രൂപവാങ്ങി ലാഭവിഹിതമോ മുതലോ തിരികെ നൽകാതെ ചതിവ് ചെയ്തത്.
ഹോസ്പുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. അന്വേഷണസംഘത്തിലെ സിഐ അരുൺഷാ, എഎസ്ഐ ജോസഫ്, ജയപ്രകാശ്, സിനീയർ പൊലീസ് ഉദ്യോഗസ്ഥരായ ദീപക്. രാഗേഷ്, സീമ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.