താനൂർ കസ്റ്റഡി മരണം; പ്രതികളായ നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ
മലപ്പുറം: താനൂരിൽ താമിർ ജിഫ്രി എന്ന യുവാവ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട കേസിൽ നാല് പൊലീസുകാർ അറസ്റ്റിൽ. ഇന്ന് പുലർച്ചയോടെയാണ് ഉദ്യോഗസ്ഥരെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. സീനിയർ സിപിഒ ജിനേഷ്, സിപിഒ ആൽബിൻ അഗസ്റ്റിൻ, സിപിഒ അഭിമന്യൂ, സിപിഒ വിപിൻ എന്നിവരാണ് പിടിയിലായത്. കേസിലെ നാല് പ്രതികൾക്കെതിരെയും കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് കഴിഞ്ഞ ആഗസ്റ്റിൽ പ്രതിപ്പട്ടിക കോടതിയിൽ ഹാജരാക്കിയിരുന്നു.
തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചേളാരിയിൽ നിന്ന് കഴിഞ്ഞ ജൂലായ് 31ന് രാത്രിയിലാണ് താമിർ ഉൾപ്പെടെയുള്ളവരെ പൊലീസ് പിടികൂടിയത്. ലഹരിമരുന്ന് കൈവശമുണ്ടെന്ന് സംശയിച്ച് പിടികൂടിയ താമിറിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്നും ആഗസ്റ്റ് ഒന്നിന് രാവിലെ കസ്റ്റഡിയിൽ മരിച്ചെന്നും താമിറിന്റെ സഹോദരൻ ഹാരിസ് ജിഫ്രി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്നതാണെന്നും ഹർജിയിൽ പറയുന്നു. ഹർജി പരിഗണിച്ച കോടതി കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോഗതി അറിയിക്കാനും ഉത്തരവിട്ടിരുന്നു.