വൈദ്യുതി നിലച്ചതിന് പിന്നാലെ കെഎസ്ഇബി ഓഫീസ് ആക്രമിച്ച് നാട്ടുകാർ, പരാതി
കോഴിക്കോട്: വൈദ്യുതി നിലച്ചതിനെ തുടർന്ന് കെഎസ്ഇബി ഓഫീസ് ആക്രമിച്ചെന്ന് പരാതി. പന്തീരാങ്കാവിൽ കഴിഞ്ഞ ദിവസം രാത്രിയോടുകൂടിയായിരുന്നു സംഭവം. ഒരു സംഘം ആളുകളെത്തി സ്ഥാപനത്തിന് നാശനഷ്ടം വരുത്തിയെന്നാണ് പരാതി. ആക്രമണവുമായി ബന്ധപ്പെട്ട് സെക്ഷൻ ഓഫീസ് ജീവനക്കാരാണ് പൊലീസിൽ പരാതി നൽകിയത്. ആക്രമികൾ ഓഫീസിന്റെ ബോർഡ് തകർത്തുവെന്നാണ് ജീവനക്കാരുടെ പരാതിയിൽ പറയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കടുത്ത ചൂടിനുപുറമേ പന്തീരാങ്കാവ് പ്രദേശത്ത് ഇടയ്ക്കിടയ്ക്ക് വൈദ്യുത തടസം സംഭവിക്കുന്നത് ജീവനക്കാരുടെ അനാസ്ഥ മൂലമെന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം, ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് ട്രാൻസ്ഫോർമറുകൾ ഓഫാക്കിയതെന്നാണ് ജീവനക്കാർ പ്രതികരിച്ചത്. വൈദ്യുതിയുടെ അമിത ഉപഭോഗം മൂലമാണ് ഇത്തരത്തിൽ ചെയ്തതെന്നും അത് നാട്ടുകാർ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നുമാണ് ജീവനക്കാർ പറഞ്ഞത്.