നിലമ്പൂർ: എം ഇ എസ് മമ്പാട് കോളജിൽ കോളജ് ഡേയിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർഥികളെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് ജാമ്യമില്ലാത്ത വകുപ്പ് ചേർത്താണ് കേസെടുത്തിരിക്കുന്നത്. സംഘർഷത്തിനിടെ കല്ലേറിൽ പൊലീസ് ജീപ്പിന്റെ ഗ്ലാസ് തകർന്നിരുന്നു. പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് കോളജിലെ 100 ഓളം വിദ്യാർഥികൾക്കെതിരേയാണ് പൊലീസ് കേസെടുത്തിരുന്നത്. അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ നിലമ്പൂർ കോടതി റിമാൻഡ് ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരമാണ് കോളജിൽ വിദ്യാർഥികളും അധ്യാപരും തമ്മിൽ സംഘർഷമുണ്ടായത്. തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. ആറ് വിദ്യാർത്ഥികൾക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു. കോളേജ് ഡേയോട് അനുബന്ധിച്ച് നടത്തിയ ഡി.ജെ പാർട്ടിയുടെ സമയം കഴിഞ്ഞുവെന്ന് പറഞ്ഞ് അധ്യാപകർ മൈക്ക് ഓഫ് ചെയ്യുകയും ഇതിനെ എതിർത്ത വിദ്യാർഥിനിയെ അധ്യാപകൻ കൈക്ക് പിടിച്ച് അപമാനിച്ചുവെന്ന് ആരോപിച്ച് വിദ്യാർഥികൾ ബഹളം വെക്കുകയുമായിരുന്നു.
ആരോപണ വിധേയനായ ചരിത്ര വിഭാഗം അദ്ധ്യാപകൻ പരസ്യമായി മാപ്പ് പറയാതെ അധ്യാപകരേയും ജീവനക്കാരേയും പുറത്ത് വിടില്ലെന്ന് പറഞ്ഞു വിദ്യാർഥികൾ കോളേജിന്റെ മെയിൻ ഗേറ്റ് പൂട്ടി. പ്രിൻസിപ്പൽ വിവരമറിയിച്ചതിനെ തുടർന്ന് പോലിസെത്തി വിദ്യാർഥികളെ തുരത്തിയോടിച്ചു. ഇതിനിടയിലാണ് പൊലീസ് ജീപ്പിന്റെ ചില്ല് തകർത്തത്. പ്രിൻസിപ്പൽ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണ ഡി.വൈ.എസ്.പി പി.ഹരിദാസ്, നിലമ്പൂർ സി.ഐ സുനിൽ പുളിക്കൽ വണ്ടൂർ സി.ഐ അബ്ദുൽ മജീദ് എന്നിവരുടെ നേതൃത്വത്തിൽ വന്‍ പൊലീസ് സംഘം കഴിഞ്ഞ ദിവസം കോളേജിലെത്തിയിരുന്നു.