കാണാതായ പ്രവാസി ബാലനെ മരിച്ച നിലയില്‍ കണ്ടെത്തി
യുഎഇയില്‍ മൂന്നാഴ്ച മുമ്ബ് കാണാതായ പ്രവാസി ബാലനെ മരിച്ച നിലയില്‍ കണ്ടെത്തി. പാക്കിസ്ഥാൻ സ്വദേശിയായ 17 വയസുകാരൻ ഇബ്രാഹിം മുഹമ്മദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
വീട്ടില്‍ അമ്മയുമായി വഴക്കിട്ട ശേഷമാണ് കുട്ടി ഇറങ്ങിപ്പോയതെന്നാണ് റിപ്പോർട്ടുകള്‍. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വിവരം അജ്മാൻ പൊലീസ് വീട്ടുകാരെ അറിയിച്ചു. തുടർന്ന് വീട്ടുകാരെത്തി മൃതദേഹം തിരിച്ചറിഞ്ഞു.
പാക്കിസ്ഥാനി ദമ്ബതികളുടെ രണ്ട് ആണ് മക്കളില്‍ മൂത്തയാളായിരുന്നു മരണപ്പെട്ട ഇബ്രാഹിം മുഹമ്മദ്.
അജ്മാനിലെ അല്‍ ഖോർ ടവറിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നും ഹൃദയഭേദകമായ വാർത്തയാണ് പൊലീസില്‍ നിന്ന് ലഭിച്ചതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.
നേരത്തെ കുട്ടിയെ കാണാതായതിന് പിന്നാലെ വീട്ടുകാർ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുട്ടിയുടെ അച്ഛൻ സാമൂഹിക മാധ്യമങ്ങളിളൂടെ അഭ്യർത്ഥന നടത്തുകയും ചെയ്തു.
മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷിയോടെയായിരുന്നു കഴിഞ്ഞിരുന്നതെന്ന് അമ്മ പറഞ്ഞു. അവനെ ഷാർജയില്‍ കണ്ടതായി പല ദിവസങ്ങളില്‍ വിവരം ലഭിച്ചു.
എന്നാല്‍ അവിടെയെത്തി പരിശോധിച്ചപ്പോള്‍ വിവരങ്ങളെല്ലാം തെറ്റായിരുന്നെന്ന് മനസിലാവുകയായിരുന്നു. മകൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയോടെയാണ് ഓരോ ദിവസവും തള്ളിനീക്കിയത്.
ഏറ്റവും പേടിച്ചിരുന്ന വാർത്ത ഇന്ന് എന്നെ തേടിയെത്തി. ഒരു അമ്മയ്ക്കും തന്റെ അവസ്ഥ വരരുതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.