കൊച്ചിയിലെ നവജാതശിശുവിന്റെ കൊലപാതകം: കൊല നടന്നത് പിറന്ന് വീണ് മൂന്ന് മണിക്കൂറിനകം; കൃത്യം ചെയ്തത് പീഡനത്തിന് ഇരയായ യുവതി
കൊച്ചി: കൊച്ചി പനമ്പള്ളി നഗറിനു സമീപത്ത് നവജാതശിശുവിനെ ഫ്ളാറ്റിൽ നിന്ന് എറിഞ്ഞുകൊന്നതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ബലാത്സംഗത്തിനിരയായ 23 വയസ്സുള്ള യുവതിയാണ് ശുചിമുറിയിൽ പ്രസവിച്ച കുഞ്ഞിനെ മൂന്നു മണിക്കൂറിനകം ഫ്ളാറ്റിൽ നിന്ന് റോഡിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. മാതാപിതാക്കളും യുവതിയുമാണ് ഫ്ളാറ്റിൽ താമസം. മകൾ ഗർഭിണിയാണെന്ന വിവരം മാതാപിതാക്കൾക്ക് അറിയില്ലായിരുന്നുവെന്നാണ് ഇരുവരും മൊഴി നൽകിയത്. മകളും ഇതേ മൊഴി തന്നെയാണ് പൊലീസിന് നൽകിയത്. പെട്ടന്നുണ്ടായ പരിഭ്രമത്തിലാണ് കുഞ്ഞിനെ കവറിലാക്കി പുറത്തേക്കെറിഞ്ഞതെന്നും യുവതി പൊലീസിനോട് പറഞ്ഞു. കുട്ടിയെ ജീവനോടെയാണോ പുറത്തേക്ക് വലിച്ചെറിഞ്ഞതെന്ന് പോസ്റ്റുമോർട്ടത്തിലൂടെ മാത്രമേ വ്യക്തമാവുകയുളളുവെന്നു പൊലീസ് പറഞ്ഞു. യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. വിശദമായ മൊഴിയെടുത്ത ശേഷം യുവതിയെ അറസ്റ്റു ചെയ്യുമെന്ന് പൊലീസ് കൂട്ടിച്ചേർത്തു. അതേ സമയം യുവതിയെ ആരാണ് ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയതെന്നടക്കമുള്ള വിവരങ്ങൾ പുറത്ത് വരേണ്ടതുണ്ട്. ഇക്കാര്യവും പൊലീസ് അന്വേഷിച്ച് വരുന്നു