ഇന്നോവ കാറിൻ്റെ ഡോറിന് മുകളിൽ കയറി അഭ്യാസം; യുവാക്കൾക്ക് എട്ടിൻ്റെ പണി കൊടുത്ത് എം വി ഡി.
ആലപ്പുഴ: ഇന്നോവ കാറിൻ്റെ ഡോറിന് മുകളിൽ കയറി അഭ്യാസം കാട്ടിയ യുവാക്കൾക്ക് എട്ടിൻ്റെ പണി കൊടുത്ത് എം വി ഡി. കായംകുളം – പുനലൂർ റോഡിൽ അപകടകരമായ യാത്ര നടത്തിയ യുവാക്കൾക്കെതിരെ കേസെടുക്കുകയും ഇന്നോവ കാർ പിടിച്ചെടുക്കുകയും ചെയ്തു. നാല് പേരും കാറിന്റെ ഡോറിന് പുറത്തേക്ക് ഇരുന്നു യാത്ര ചെയ്താണ് ഇന്നോവയിൽ ചീറിപ്പാഞ്ഞ യുവാക്കൾ ‘ഷോ’ കാണിച്ചത്. ഒരാൾ ഇതിനിടയിൽ മൊബൈൽ ഫോൺ നോക്കുന്നതടക്കം ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
സംഭവത്തിൻ്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ മാവേലിക്കര ജോയിന്റ് ആർ ടി ഒ കേസെടുക്കുകയും ഇന്നോവ പിടിച്ചെടുക്കുകയുമായിരുന്നു. യുവാക്കൾ നൂറനാട് സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് നടപടി വേഗത്തിലാക്കിയത്. ഇന്നോവ കാർ ഉടമ പാലമേൽ സ്വദേശി ആഷിഖ് ഷഫീഖിൻ്റെ വീട്ടിൽ നിന്നാണ് ആർ ടി ഒ ഓദ്യോഗസ്ഥർ കാർ കസ്റ്റഡിയിൽ എടുത്തത്. നാല് യുവാക്കളോടും നാളെ നാളെ ജോയിന്റ് ആർ ടി ഒ ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകുകയും ചെയ്തു. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്നും ആലപ്പുഴ ആർ ടി ഒ അറിയിച്ചു.