റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം; എറിഞ്ഞു കൊന്നതായി സംശയം !
കൊച്ചിയിൽ നവജാതശിശുവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി വിദ്യാനഗറിലെ ഒരു അപ്പാർട്മെന്റിനു സമീപത്താണ് മൃതദേഹം കണ്ടത്. കുട്ടിയെ അപ്പാർട്ട്മെന്റിൽ നിന്നും താഴേക്ക് എറിഞ്ഞു കൊന്നതായാണ് സംശയം. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. രാവിലെ ജോലിക്കെത്തിയ ശുചീകരണ തൊഴിലാളികളാണ് ഒരു കെട്ട് കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് നവജാതശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. പൊലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണ്. സി.സി.ടി.വിയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുഞ്ഞിനെ ജീവനോടെയാണോ താഴേക്ക് എറിഞ്ഞത് അതോ കൊലപ്പെടുത്തിയതിന് ശേഷമാണോ എറിഞ്ഞത് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഫ്ളാറ്റിൽ ഗർഭിണികൾ ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. ജോലിചെയ്യുന്ന സ്ത്രീകളിലും ഗർഭിണികൾ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. 21 കുടുംബങ്ങളാണ് ഇവിടെയുള്ള ഫ്ലാറ്റിൽ താമസിക്കുന്നത്. ഇതിൽ മൂന്നെണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. അവിടെ താമസക്കാരൊന്നും ഇല്ലായിരുന്നു എന്നാണ് സമീപത്തുള്ളവർ പറയുന്നത്. ആരെങ്കിലും അവിടേക്ക് ഈ ദിവസങ്ങളിൽ വന്നിട്ടുണ്ടോ എന്നും ജോലിക്കാർ ആരെങ്കിലും അവിടെ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിച്ചുവരുന്നു. ഫ്ലാറ്റിൽ അസ്വാഭാവികമായി ആരെയും കണ്ടിട്ടില്ലെന്ന് സുരക്ഷാജീവനക്കാരനും മൊഴി നൽകി.