ഫോൺ തട്ടിപ്പറിച്ചു, പിന്നാലെ ഓടിയ പൊലീസുകാരനെ വിഷദ്രാവകം കുത്തിവച്ചു കൊന്ന് ലഹരി സംഘം; ആക്രമണം മുംബൈയിൽ
മുംബൈ: മുംബൈയിൽ ലഹരി സംഘം പൊലീസുകാരനെ വിഷദ്രാവകം കുത്തിവച്ചു കൊന്നു. വർളി ക്യാമ്പിലെ പോലീസ് കോൺസ്റ്റബിൾ വിശാൽ പവാറാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏപ്രിൽ 28 ഞായറാഴ്ച മാട്ടുംഗ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്. മൂന്ന് ദിവസമായി ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് മരണം. ലോക്കൽ ട്രെയിനിൽ ജോലിക്കായി പോകുമ്പോൾ തൻ്റെ ഫോൺ തട്ടിയെടുത്തവരെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിശാലിന് നേരെ ആക്രമണം ഉണ്ടായത്.
വിശാൽ യൂണിഫോം ധരിച്ചിരുന്നില്ല. ട്രെയിൻ വേഗത കുറച്ച സമയത്ത് വാതിലിനടുത്ത് നിന്ന് ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന വിശാലിൻ്റെ കൈയിൽ പാളത്തിന് സമീപം നിന്ന ഒരാൾ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ, വിശാലിന്റെ ഫോൺ താഴെ വീഴുകയും കള്ളൻ അത് കൈക്കലാക്കുകയും ചെയ്തു. ട്രെയിൻ വേഗത കുറഞ്ഞതിനാൽ പവാർ ഇറങ്ങി മോഷ്ടാവിനെ ഓടിക്കുകയായിരുന്നു. കുറച്ച് ദൂരം പിന്നിട്ടപ്പോൾ മയക്കുമരുന്നിന് അടിമകളായ മോഷ്ടാക്കളുടെ സംഘം അദ്ദേഹത്തെ വളഞ്ഞു. വിശാൽ എതിർത്തപ്പോൾ അവർ ആക്രമിച്ചു. സംഘത്തിലുണ്ടായിരുന്ന ഒരാൾ മുതുകിൽ വിഷദ്രാവകം കുത്തിവച്ചു. ചുവന്ന നിറത്തിലുള്ള ദ്രാവകം വായിൽ ഒഴിച്ചതായും വിശാലിന്റെ മരണ മൊഴിയുണ്ട്. പ്രതികൾക്കായി തിരച്ചിൽ തുടങ്ങി.