ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മിശ്ര ഒരിക്കല്‍ ‘പാകിസ്ഥാന് ചാരന്’ എന്ന് വിളിച്ച കാര്യം ഇന്ന് അധികമാരും ഓര്‍ക്കാറില്ല. 2016ല്‍ പത്താന്‍കോട്ട് ഭീകരാക്രമണം നടന്ന വേളയിലാണ് മിശ്ര മോദിയെ പാകിസ്ഥാന് രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐയുടെ ഏജന്റെന്ന് ഈ ബി.ജെ.പി നേതാവ് വിശേഷിപ്പിച്ചത്.മോദി ഇന്ത്യയ്ക്കെതിരെയുള്ള ശക്തികളോട് കീഴ്പെടുകയാണോ എന്നും മിശ്ര അന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. ഇത് പോരാഞ്ഞ്, മാസങ്ങള്‍ക്ക് ശേഷം, ഇന്ത്യന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന് പ്രധാനമന്ത്രിയും തമ്മില്‍ രഹസ്യ കരാറുകള്‍ ഉണ്ടോയെന്നും ഇവര്‍ തമ്മില്‍ നീക്കുപോക്കുകള്‍ ട്വിറ്ററിലൂടെ കപില്‍ മിശ്ര സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ ബി.ജെ.പിക്കാര്‍ ഇപ്പോള്‍ മറന്ന മട്ടാണ്. കേജ്രിവാള് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു മിശ്ര 2017 മേയിലാണ് മന്ത്രിസഭയില്‍ നിന്നും പുറത്താകുന്നത്. ഡല്‍ഹിയില്‍ രാജ്യം ഞെട്ടിയ കലാപം ആരംഭിച്ചതിന്റെ കാരണങ്ങളില്‍ ഒന്ന് ബി.ജെ.പി നേതാക്കള്‍ നടത്തിയ അങ്ങേയറ്റം വിദ്വേഷകരമായ പ്രസംഗങ്ങള്‍ ആയിരുന്നു. പൗരത്വ നിയമഭേദഗതി സംബന്ധിച്ചുള്ള സംഘര്‍ഷങ്ങള്‍ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ്മ, കപില്‍ മിശ്ര എന്നീ ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ കാരണമാണ് ആളിക്കത്തിയതെന്നാണ് കരുതപ്പെടുന്നത്. ഇവര്‍ക്കെതിരെ കേസ് എടുക്കണമെന്നും നിയമനടപടികള്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നിരവധി പേര് രംഗത്ത് വന്നിട്ടുമുണ്ട്.
ഇതില്‍ കപില്‍ മിശ്രയാണ് അങ്ങേയറ്റം വിനാശകരമായ രീതിയില്‍ വാക്കുകള്‍ ഉപയോഗിച്ചത്. പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ ഒഴിപ്പിക്കണമെന്ന് കപില്‍ മിശ്ര പൊലീസിന് ‘അന്ത്യശാസനം’ നല്കി മണിക്കൂറുകള്‍ക്കുള്ളിലാണ് ഡല്‍ഹിയില്‍ കലാപകാരികള്‍ സംഹാര താണ്ഡവമാടിയത്. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും ബി.ജെ.പിയിലേക്ക് ചേക്കേറിയ കപില്‍ മിശ്ര ഇതാദ്യമായല്ല പ്രകോപന പരമായ കാര്യങ്ങള്‍ പറയുന്നത്.ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന ‘രാജ്യദ്രോഹികളെ വെടിവച്ച് കൊല്ലണ’മെന്ന് ഈ നേതാവ് പറഞ്ഞിരുന്നു.