അമ്പലത്തറ കള്ളനോട്ട് കേസ്; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി, അഴിയുമോ കോടികളുടെ രഹസ്യം?
കാസർകോട്: അമ്പലത്തറ, ഗുരുപുരത്തെ വാടകവീട്ടിൽ നിന്നും 6.96 കോടി രൂപയുടെ നിരോധിത 2000 രൂപ കള്ളനോട്ട് പിടികൂടിയ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം സുനിൽ കുമാറിന്റെ മേൽനോട്ടത്തിൽ ക്രൈം ഇൻസ്പെക്ടർ ലിപിൻ ആണ് കേസ് അന്വേഷിക്കുന്നത്.
2024 മാർച്ച് 20ന് ആണ് കള്ളനോട്ടുകൾ പിടികൂടിയത്. അബ്ദുൽ റസാഖിന്റെ വാടകവീട്ടിൽ നിന്നാണ് നോട്ടുകൾ പിടികൂടിയത്. രഹസ്യവിവരത്തെത്തുടർന്ന് അമ്പലത്തറ പൊലീസ് നടത്തിയ പരിശോധനയിലാണ് ചാക്കുകളിൽ കെട്ടിവെച്ച നിലയിൽ പൂജാമുറിയിലും മറ്റും സൂക്ഷിച്ചുവെച്ചിരുന്ന നോട്ടുകൾ പിടികൂടിയത്. 28 മണിക്കൂറോളം നേരം 20 പൊലീസുകാർ ചേർന്നാണ് നോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തിയത്. വീട് വാടകക്കെടുത്ത അബ്ദുൽ റസാഖ് സുഹൃത്ത് സുലൈമാൻ എന്നിവർ ഒളിവിൽ പോവുകയും പിന്നീട് ഇരുവരും വയനാട്ടിലെ റിസോർട്ടിൽ വെച്ച് അറസ്റ്റിലാവുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് കോടതി അന്നു തന്നെ ജാമ്യം നൽകുകയും ചെയ്തിരുന്നു. നോട്ട് തട്ടിപ്പ് വഴി പണം സമ്പാദിക്കുന്നതിനാണ് കള്ളനോട്ടുകൾ ഉപയോഗിച്ചതെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. എന്നാൽ ഇത്രയും അധികം കള്ളനോട്ടുകൾ സൂക്ഷിച്ചതെന്തിനെന്നുള്ള ചോദ്യത്തിന് പ്രതികൾക്ക് വ്യക്തമായ മൊഴി നൽകാൻ കഴിഞ്ഞിരുന്നില്ല. നിരോധിത നോട്ടുകൾ എവിടെ വെച്ചാണ് അച്ചടിച്ചതെന്ന ചോദ്യത്തിന് ഉത്തരം നൽകാനും കഴിഞ്ഞിരുന്നില്ല. ഈ രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ പ്രധാന ദൗത്യം.