കാസർകോട് ഡ്രൈവിംഗ് ടെസ്റ്റുകൾ അനിശ്ചിത കാലത്തേക്ക് നിർത്തി വച്ചു; കൊവിഡ് 19 മൂലമെന്ന് വിചിത്ര കാരണം; എസ്എംഎസ് വന്നത് സാങ്കേതിക പിഴവ് ആണെന്ന് ഒടുവിൽ ആർടിഒ
കാസർകോട് ഗ്രൗണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ അനിശ്ചിത കാലത്തേക്ക് നിർത്തി വച്ചു. വിശദീകരണമായി സന്ദേശമയച്ചത് കൊവിഡ് 19 മൂലമെന്ന വിചിത്ര കാരണം. ഒടുവിൽ സങ്കേതിക പിഴവെന്ന് തിരുത്തി ആർടിഒ.
ടെസ്റ്റ് ഗ്രൗണ്ടിൽ സംവിധാനങ്ങൾ ഒരുക്കാനുള്ള കാലതാമസമാണ് ടെസ്റ്റുകൾ റദ്ദാക്കാൻ കാരണം. സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ പ്രതിഷേധം തുടരുന്നതിനിടെയാണ് കാസർകോട് ഇത്തരമൊരു അറിയിപ്പ് അയച്ചത്. അതേസമയം സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം ഇന്ന് മുതൽ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ എവിടെയും ഇന്ന് ടെസ്റ്റുകൾ നടന്നിട്ടില്ല. എല്ലായിടത്തും ഡ്രൈവിംഗ് ടെസ്റ്റിനെതിരെ സിഐടിയു നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. കോഴിക്കോടും ഡ്രൈവിംഗ് സ്കൂളുകൾ പ്രതിഷേധിച്ചതിനാൽ ടെസ്റ്റ് തടസ്സപ്പെട്ടു. പത്തനംതിട്ടയിൽ സിഐടിയു, ഐഎൻടിയുസി പ്രവർത്തകരുടെ സംയുക്ത സമരം നടന്നു. സമരക്കാരോട് മാറാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും ടെസ്റ്റ് നടത്താൻ സമരക്കാർ അനുവദിച്ചില്ല.