മൊബൈൽ പിടിച്ചുവാങ്ങി, യുവാവിനെ പാലത്തില്‍നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചു; മൂന്നുപേര്‍ അറസ്റ്റിൽ
മലപ്പുറം: യുവാവിനെ പാലത്തില്‍നിന്ന് താഴേക്കു തള്ളിയിട്ട് കൊല്ലാന്‍ശ്രമിച്ച കേസില്‍ മൂന്നു പേര് പാണ്ടിക്കാട് പോലീസിന്റെ പിടിയില്‍. പന്തല്ലൂര്‍ ആമക്കാട് സ്വദേശി പാലപ്ര സിയാദ് (29), വണ്ടൂര്‍ കാപ്പില്‍ സ്വദേശി തറമണ്ണില്‍ നൗഫല്‍ (30), പന്തല്ലൂര്‍ ആമക്കാട് സ്വദേശി കിഴക്കുംപറമ്പന്‍ അബ്ദുല്‍ ഹഖ് (27) എന്നിവരെയാണ് പാണ്ടിക്കാട് സ്റ്റേഷന് ഹൗസ് ഓഫീസര്‍ വിപിന്‍ കെ. വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 12-ന് ആമക്കാടാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വളരാട് സ്വദേശി പീച്ചുണ്ണില് ഇര്ഫാന് എന്ന യുവാവിനെയാണ് പ്രതികള്‍ പാലത്തില്‍നിന്ന് താഴേക്ക് തള്ളിയിട്ട് വധിക്കാന്‍ ശ്രമിച്ചത്. ഇര്‍ഫാന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയ പ്രതികള്‍ പതിനായിരംരൂപ ആവശ്യപ്പെടുകയും തുടര്‍ന്ന് അടിപിടിയാവുകയുംചെയ്തു. പ്രകോപിതരായ പ്രതികള്‍ ഇര്‍ഫാനെ പാലത്തില്‍നിന്ന് താഴേക്കു തള്ളിയിടുകയും കല്ല് ഉള്‍െപ്പടെയുള്ളവ ഉപയോഗിച്ച് മര്‍ദിച്ച് പരിക്കേല്‍പ്പിച്ചുവെന്നുമാണ് കേസ്.
നട്ടെല്ലു പൊട്ടിയതടക്കം ഗുരുതര പരിക്കേറ്റ ഇര്ഫാന് കഴിഞ്ഞദിവസമാണ് ചികിത്സയ്ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തിയത്. പ്രതികളായ സിയാദ്, അബ്ദുല്‍ ഹഖ് എന്നിവര്‍ക്കെതിരേ കാപ്പ ചുമത്തി നാടു കടത്തിയത് ഉള്‍പ്പെടെയുള്ള കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എ.എസ്.ഐ. ഉണ്ണികൃഷ്ണന്, എസ്.സി.പി.മാരായ ഷൈജു, ഷമീര്‍, സജിത്ത്, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.