ഹെയർപിൻ വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ടു; സേലത്ത് ബസ്സ് കൊക്കയിലേക്ക് മറിഞ്ഞു നാലുപേർ മരിച്ചു; 63 പേർക്ക് പരിക്ക്
തമിഴ്നാട്ടിലെ സേലത്ത് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു. 63 പേർക്ക് ഗുരുതര പരിക്ക്. സേലം ആണ്ടിപ്പട്ടി സ്വദേശിയായ എസ്. കാർത്തിക് (35), നാമക്കൽ തിരുച്ചൻകോട് സ്വദേശി സി. മുനീശ്വരൻ (11). സേലം കണ്ണൻകുറിച്ചി സ്വദേശി കെ. ഹരി റാം (57),
കിച്ചിപാളയം സ്വദേശി ആർ. മധു (60) എന്നവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം സേലത്തിന് സമീപം യെർക്കാടായിരുന്നു അപകടം. 69 യാത്രക്കാരുമായി യെർക്കാട് നിന്ന് സേലത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.
13-ാം ഹെയർപിൻ വളവിൽ വെച്ച് ഡ്രൈവറിന് ബസിന്റെ നിയന്ത്രണം നഷ്ടമാവുകയും റോഡിന്റെ പാർശ്വ ഭിത്തി ഇടിച്ചു തകർത്തു. ശേഷം കൊക്കയിലേക്ക് മറിഞ്ഞ ബസ് 11-ാം ഹെയർപിൻ വളവിലേക്ക് പതിക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നാല് പേർ സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചു. ബസിലുണ്ടായിരുന്ന എല്ലാവർക്കും പരിക്കുകളുണ്ട്. പരിക്കേറ്റവരെ 108 ആംബുലൻസുകളിലും പരിസര വാസികളുടെ വാഹനങ്ങളിലും സേലത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യെർക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായി അധികൃതർ അറിയിച്ചു.