നവകേരള ബസ് നിരത്തിലേക്ക്; കോഴിക്കോട്-ബാംഗ്ലൂർ റൂട്ടിൽ മേയ് അഞ്ച് മുതൽ സർവീസ് ആരംഭിക്കും
കോഴിക്കോട്: നവകേരള ബസ് നിരത്തിലേക്ക്. കോഴിക്കോട് – ബാംഗ്ലൂർ റൂട്ടിലാണ് നവകേരള ബസ്സിന്റെ പുതിയ യാത്ര. കെഎസ്ആർടിസിയുടെ അന്തർസംസ്ഥാന സർവീസ് ഗരുഡപ്രീമിയം മേയ് അഞ്ച് മുതൽ ആരംഭിക്കും. നിരവധി ആധുനിക സൗകര്യങ്ങൾ ബസ്സിൽ സജ്ജീകരിച്ചിട്ടുണ്ട്.
എയർകണ്ടിഷൻ ചെയ്ത ബസ്സിൽ 26 പുഷ് ബാക്ക് സീറ്റുകളാണ് ഉള്ളത്. ഫുട് ബോർഡ് ഉപയോഗിക്കുവാൻ കഴിയാത്തവരായ ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ തുടങ്ങിയവർക്ക് മാത്രമാണ്. ബസ്സിനുള്ളിൽ കയറുന്നതിനായി പ്രത്യേകം തയ്യാറാക്കിയതും യാത്രക്കാർക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ ശുചിമുറി, വാഷ്ബേസിൻ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. യാത്രക്കിടയിൽ വിനോദത്തിനായി ടെലിവിഷനും മ്യൂസിക് സിസ്റ്റവും മൊബൈൽ ചാർജർ സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്. ലഗ്ഗേജ് സൂക്ഷിക്കുവാനുള്ള സ്ഥലവുമുണ്ട്.
രാവിലെ 04.00 മണിക്ക് കോഴിക്കോടുനിന്ന് യാത്രതിരിച്ച് കൽപ്പറ്റ, സുൽത്താൻ ബത്തേരി, ഗുണ്ടൽപ്പേട്ട്, മൈസൂർ, മാണ്ട്യ വഴി 11.35 ന് ബാംഗ്ലൂർ എത്തിച്ചേരുകയും ഉച്ചയ്ക്ക് 2.30ന് ബാംഗ്ലൂരിൽനിന്ന് തിരിച്ച് ഇതേ റൂട്ടിലൂടെ രാത്രി 10.05-ന് കോഴിക്കോട് എത്തിച്ചേരുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്.
ഓൺലൈൻ റിസർവേഷൻ സൗകര്യമുള്ള ബസ്സിൽ കോഴിക്കോട്, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂർ, ബാഗ്ലൂർ (സാറ്റ്ലെറ്റ്, ശാന്തിനഗർ ) എന്നിവയാണ് സ്റ്റോപ്പുകൾ. സർവീസിന് 1,171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. AC ബസ്സുകൾക്കുള്ള 5% ലക്ഷ്വറി ടാക്സും നൽകണം.
2024 മെയ് ഒന്ന് ബുധനാഴ്ച്ച വൈകിട്ട് 6.30-ന് ബസ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോടിന് സർവീസായി പോകും. ഈ ട്രിപ്പിൽ ടിക്കറ്റ് എടുത്ത് പരമാവധി ആളുകൾക്ക് യാത്രചെയ്യാം