തൃശൂരിൽ കാണാതായ അമ്മയും മകളും മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് പുഴയിൽ
തൃശൂർ: ഇന്നലെ കാഞ്ഞാണിയിൽ നിന്ന് കാണാതായ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി. പാലാഴിയിൽ കാക്കമാട് പ്രദേശത്തെ പുഴയിൽ നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്ണപ്രിയ (24), മകൾ പൂജിത (ഒന്നര ) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ തിരിച്ചറിയൽ കാർഡ് പൊലീസിന് ലഭിച്ചു.
കാഞ്ഞാണിയിൽ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരിയായ കൃഷ്ണപ്രിയ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കുഞ്ഞിനെയും കൂട്ടി ഭർതൃഗൃഹത്തിലേക്ക് പുറപ്പെട്ടത്. രാത്രിയായിട്ടും ഇവരെ കാണാതായതോടെ യുവതിയുടെ ഭർത്താവ് അന്തിക്കാട് കല്ലിടവഴി സ്വദേശി അഖിൽ പൊലീസിൽ പരാതി നൽകി.
ഇന്ന് പുലർച്ചെ നടക്കാനിറങ്ങിയവരാണ് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പുഴയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു. ഇതിന് സമീപത്ത് നിന്ന് ലഭിച്ച ബാഗിൽ കൃഷ്ണപ്രിയയുടെ ഐഡി കാർഡ് ഉണ്ടായിരുന്നു. അന്തിക്കാട് എസ്ഐ പ്രവീണിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഫയർ ഫോഴ്സിന്റെ സഹായത്തോടെയാണ് മൃതദേഹം കരയ്ക്ക് കയറ്റിയത്.
ഇന്നലെ കണ്ണൂരിൽ അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൊറ്റാളിക്കാവ് പോസ്റ്റ് ഓഫീസിന് സമീപമാണ് സംഭവം. സുവിഷത്തിൽ സുനന്ദ വി ഷേണായി (78), മകൾ ദീപ വി ഷേണായി (44) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ട്.
സുനന്ദയുടെ മൃതദേഹം ഡൈനിംഗ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലും കിടക്കുന്ന നിലയിലായിരുന്നു. പരേതനായ വിശ്വനാഥ ഷേണായിയുടെ ഭാര്യയാണ് സുനന്ദ. ദീപ അവിവാഹിതയാണ്. മരിച്ചവർ മംഗലാപുരം സ്വദേശികളാണെന്നാണ് നാട്ടുകാർ പറയുന്നത്. പത്ത് വർഷത്തോളമായി ഇവർ കണ്ണൂരിലാണ് താമസം. നാട്ടുകാരുമായി വലിയ അടുപ്പമുണ്ടായിരുന്നില്ല. മൂന്ന് ദിവസം മുമ്പ് വോട്ട് ചെയ്യാനായി ഇവർ പോയിരുന്നു. അതിന് ശേഷം ഇവരെ ആരും പുറത്ത് കണ്ടിട്ടില്ല. രണ്ട് ദിവസമായി വീട് അടച്ചിട്ട നിലയിലായിരുന്നു.