കണ്ണൂര്‍: ഭാര്യയെ തീ കൊളുത്തിക്കൊന്ന കേസില്‍ പ്രതിയായ ഭര്‍ത്താവ് അറസ്റ്റിലായി. ചാലാട് സ്വദേശി സന്ദീപാണ് അറസ്റ്റിലായത്. ഭാര്യ രാഖിയെ കൊലപ്പെടുത്തിയശേഷം ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.ചാലാട് സ്വദേശിനിയും സ്വകാര്യ ആശുപത്രിയിലെ നഴ്സുമായ രാഖി (25) യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഭര്‍ത്താവ് സന്ദീപ് തന്നെ മരഫര്‍ണ്ണിച്ചര്‍ പോളിഷിനായി ഉപയോഗിക്കുന്ന തിന്നര്‍ ഒഴിച്ച് തീ വെക്കുകയായിരുന്നുവെന്ന് രാഖി മജിസ്ട്രേറ്റിനു നല്കിയ മരണമൊഴിയില്‍ പറഞ്ഞിരുന്നു.
അമിതമായി മദ്യപിച്ചെത്തിയ സന്ദീപ് അക്രമിക്കുകയും വീടിന്റെ പുറത്ത് വരാന്തയിലേക്ക് വലിച്ചിഴച്ച് തിന്നര്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് രാഖി മൊഴിയില്‍ വ്യക്തമാക്കിയത്. ചാലയിലെ ബിന്ദു-രാജീവന് ദമ്ബതികളുടെ മകളാണ് മരിച്ച രാഖി.