നെല്ലിയാമ്പത്തെ ഇരട്ട കൊലപാതകം; പ്രതി അർജുന് തൂക്കുകയർ
കൽപ്പറ്റ: നെല്ലിയാമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുന് വധശിക്ഷ. കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. റിട്ടയേർഡ് അദ്ധ്യാപകനായ നെല്ലിയാമ്പത്ത് പദ്മാലയത്തിൽ കേശവൻ, ഭാര്യ പത്മാവതിയമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ മാസം ഇരുപത്തിനാലിനാണ് അർജുൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
2021 ജൂൺ 10 ന് രാത്രി എട്ടരയോടെയാണ് അരുംകൊലകൾ നടന്നത്. മോഷണ ശ്രമത്തിനിടെ അർജുൻ വൃദ്ധ ദമ്പതികളെ വെട്ടുകയായിരുന്നു. കേശവൻ സംഭവസ്ഥലത്തുവച്ചും പത്മാവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമായിരുന്നു മരിച്ചത്. ദമ്പതികളുടെ അയൽവാസിയായിരുന്നു പ്രതി.
മുംഖംമൂടി ധരിച്ചെത്തിയ രണ്ടുപേർ ദമ്പതികളെ ആക്രമിക്കുകയായിരുന്നു എന്നാണ് ആദ്യം പൊലീസിന് ലഭിച്ച വിവരം. എന്നാൽ ഫോറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അർജുൻ പിടിയിലായത്.
അതേവർഷം സെപ്തംബർ പതിനേഴിനാണ് അർജുൻ അറസ്റ്റിലായത്. ചോദ്യം ചെയ്യലിനിടെ അർജുൻ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടുകയും, അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരുന്ന എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി പ്രദേശവാസികളടക്കം നിരവധി പേരെ ചോദ്യം ചെയ്തിരുന്നു.
മോഷണ ശ്രമത്തിനിടെയാണ് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയതെന്ന് പിന്നീട് അർജുൻ പൊലീസിനോട് സമ്മതിച്ചു.കൃത്യം നടത്താൻ പ്രതിയെ മറ്റാരെങ്കിലും സഹായിച്ചോ എന്ന് പൊലീസിന് തുടക്കത്തിൽ സംശയമുണ്ടായിരുന്നു. ബംഗളൂരുവിലെയും ചെന്നൈയിലെയും ഹോട്ടലുകളിലും റിസോർട്ടുകളിലും ജോലി ചെയ്തിരുന്ന അർജുൻ ലോക്ഡൗൺ സമയത്താണ് നാട്ടിലെത്തിയത്. ജോലി പോയതോടെ നാട്ടിൽ കൂലിവേല ചെയ്യുകയായിരുന്നു.