കോടികളുടെ കൊക്കെയിന്‍ വിഴുങ്ങി കെനിയന്‍ സ്വദേശിയെത്തി; കൊച്ചി വിമാനത്താവളത്തിൽ റെഡ് അലർട്ട്
നെടുമ്പാശ്ശേരി : കോടികൾ വിലമതിക്കുന്ന കൊക്കെയിൻ വിഴുങ്ങി കടത്തിക്കൊണ്ടുവന്ന കെനിയൻ സ്വദേശി പിടിയിലായതിനാൽ കൊച്ചി വിമാനത്താവളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.ആഫ്രിക്കൻ സ്വദേശികൾ ഇത്തരത്തിൽ വൻതോതിൽ ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് കൊച്ചിയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. ട്രോളി ബാഗിനടിയിൽ പ്രത്യേകം അറയുണ്ടാക്കി അവിടെ മയക്കുമരുന്ന് ഒളിപ്പിച്ചു കടത്തുന്ന രീതിയാണ് ആഫ്രിക്കൻ സ്വദേശികൾ പൊതുവേ സ്വീകരിച്ചിരുന്നത്.
മുംബൈ, ബെംഗളൂരു, ഡൽഹി തുടങ്ങിയ വിമാനത്താവളങ്ങളിൽ ഇത്തരത്തിലുള്ള മയക്കുമരുന്ന് കടത്ത് കൂടുതലായി പിടികൂടാൻ തുടങ്ങിയതോടെയാണ് ആഫ്രിക്കൻ സ്വദേശികൾ കൊക്കെയിനും മറ്റും വിഴുങ്ങി കടത്തിക്കൊണ്ടുവരാൻ തുടങ്ങിയത്. കൊച്ചി വിമാനത്താവളത്തിൽ ആദ്യമായാണ് വിഴുങ്ങി കടത്തിക്കൊണ്ടുവന്ന കൊക്കെയിൻ പിടികൂടുന്നത്.
മുംബൈ, ബെംഗളൂരു, ഡൽഹി വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയതിനാലാണ് കെനിയൻ സ്വദേശി കരഞ്ച മൈക്കിൾ നംഗ കൊച്ചിയിലേക്ക് കൊക്കെയിനുമായി എത്തിയത്. കൊച്ചിയിൽ വന്നിറങ്ങുന്ന ആഫ്രിക്കൻ സ്വദേശികളെ പ്രത്യേകം നിരീക്ഷിക്കാൻ കസ്റ്റംസിന് നിർദേശം നൽകിയിട്ടുണ്ട്. ഇവരുടെ ആഗമനലക്ഷ്യം, വിസ ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രത്യേകം പരിശോധിക്കാനാണ് നിർദേശം.
കൊച്ചി വിമാനത്താവളത്തിൽ പിടിയിലായ കെനിയൻ സ്വദേശി ആദ്യമായാണ് ഇന്ത്യയിൽ വരുന്നത്. കൊച്ചിയിൽ ഇറങ്ങിയ ശേഷം ഇയാൾ ബെംഗളൂരുവിലേക്കോ ഡൽഹിയിലേക്കോ പോകാനായിരിക്കാം പദ്ധതിയിട്ടിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്താലേ ഇതു സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കൂ. ഇയാളുടെ ഫോൺ കോളുകൾ പരിശോധിച്ചുവരുകയാണ്. ഈ മാസം 19-ന് എത്യോപ്യയിൽനിന്ന് മസ്കറ്റ് വഴിയാണ് ഇയാൾ കൊച്ചിയിൽ വന്നിറങ്ങിയത്. 6.68 കോടി രൂപ വിലവരുന്ന 668 ഗ്രാം കൊക്കെയിനാണ് ഇയാളിൽ നിന്ന് ഡി.ആർ.ഐ. പിടികൂടിയത്.