കാസര്‍കോട്: സ്കൂളില്‍ കൊണ്ടുവിടാമെന്ന് രക്ഷിതാക്കള്‍ക്കളെ അറിയിച്ച ശേഷം ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ സ്കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി ലൈംഗികപീഡനത്തിനിരയാക്കിയ അറുപതുകാരനെ പിന്തുടര്ന്നെത്തിയ നാട്ടുകാര്‍ കയ്യോടെ പിടികൂടുകയും പൊലീസിന് കൈമാറുകയും ചെയ്തു. കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിക്കപ്പുറം ഉള്ളാള്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത സ്കൂള്വിദ്യാര്ഥിനിയാണ് പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഉള്ളാള്‍ പണ്ഡിറ്റ് ഹൗസ് ജംഗ്ഷനില്‍ മൊബൈല്‍ കാന്റീന് നടത്തുന്ന തോമസിനെ(60) പൊലീസ് അറസ്റ്റ് ചെയ്തത്. ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ തോമസ് സ്കൂളില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് സ്കൂട്ടറില്‍ കയറ്റി പോകുകയായിരുന്നു. വീടുമായി അടുത്ത ബന്ധമുള്ള ആളായതിനാല്‍ രക്ഷിതാക്കള്‍ക്ക് ഇക്കാര്യത്തില്‍ സംശയമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ സ്കൂളിലേക്കുള്ള യാഥാര്‍ഥ റോഡിലേക്ക് പോകുന്നതിന് പകരം ഊടുവഴിയിലൂടെ സ്കൂട്ടര്‍ കൊണ്ടുപോയ തോമസ് റബ്ബര്‍തോട്ടത്തില്‍വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംശയം തോന്നിയ ചിലര്‍ തോമസിനെ പിന്തുടര്ന്നെത്തി പിടികൂടി പൊലീസിലേല്പ്പിക്കുകയാണുണ്ടായത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയതോടെ പീഡനം നടന്നതായി തെളിഞ്ഞു. ഭിന്നശേഷിയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും പോക്സോ വകുപ്പുപ്രകാരവുമാണ് തോമസിനെതിരെ ഉള്ളാള്‍ പൊലീസ് കേസെടുത്തത്. തോമസിനെ കോടതി റിമാണ്ട് ചെയ്ത് ജയിലിലാക്കി .