തൃശൂരിൽ ബാങ്ക് സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ; സമീപത്ത് വിഷക്കുപ്പി കണ്ടെത്തി
തൃശൂർ: ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ വെള്ളാനിക്കരയിലാണ് സംഭവം. വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരാണ് മരിച്ചത്. കുണ്ടുകാട്ടിൽ അരവിന്ദാക്ഷൻ (70), തൈക്കാട്ടിൽ ആന്റണി (69) എന്നിവരാണ് മരിച്ചത്. രണ്ടുപേരും വെള്ളാനിക്കര സ്വദേശികളാണ്.
മണ്ണുത്തി കാർഷിക സർവകലാശാല ക്യാമ്പസിനകത്ത് പ്രവർത്തിക്കുന്ന ബാങ്കാണിത്. ബാങ്ക് തുറക്കുന്നതിന് മുമ്പ് വൃത്തിയാക്കാനെത്തുന്ന സ്ത്രീയാണ് ഇന്ന് രാവിലെ ഏഴ് മണിക്ക് മൃതദേഹം ആദ്യം കണ്ടത്. ഇതിന് പിന്നാലെ ജോലിക്കെത്തിയ കാഷ്യറെയും മാനേജറെയും സ്ത്രീ വിവരമറിയിച്ചു. തുടർന്ന് ഇവരാണ് പൊലീസിനെ വിവരം അറിയിച്ചത്.
ആന്റണിയുടെ മൃതദേഹം ബാങ്ക് കെട്ടിടത്തിനുള്ളിൽ നിന്നും അരവിന്ദാക്ഷന്റെ മൃതദേഹം സമീപത്തുള്ള ചാലിൽ നിന്നുമാണ് കണ്ടെത്തിയത്. ആന്റണിയുടെ തലയ്ക്കടിയേറ്റ് മാരകമായ മുറിവുകളുണ്ടായിരുന്നു. നിലത്ത് രക്തം തളംകെട്ടി കിടന്നിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 100 മീറ്റർ അകലെ നീർച്ചാലിൽ അരവിന്ദാക്ഷന്റെ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്നും വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. സംഭവം കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ജോലി സംബന്ധമായി ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നതായി അറിവില്ലെന്നാണ് ബാങ്ക് സെക്രട്ടറി സ്മിത പ്രതികരിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി അരവിന്ദാക്ഷൻ ബാങ്കിന്റെ സെക്യൂരിറ്റിയാണ്. ബാങ്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ആന്റണിയെ കൂടി സെക്യൂരിറ്റിയായി നിയോഗിച്ചത്. പണികൾ പൂർത്തിയായതിനാൽ ഇയാളുടെ ജോലി നാളെ അവസാനിക്കാനിരിക്കെയാണ് സംഭവം.