പറമ്പിൽ കളിക്കുന്നതിനിടെ ഊഞ്ഞാൽ കെട്ടിയ തൂൺ ഇളകി ദേഹത്ത് വീണു; 14കാരന് ദാരുണാന്ത്യം
കണ്ണൂർ: പറമ്പിൽ കളിക്കുന്നതിനിടെ കൽത്തൂൺ ദേഹത്ത് വീണ് 14കാരൻ മരിച്ചു. കണ്ണൂർ തലശേരി മാടപ്പീടികയിലാണ് സംഭവം. പാറാൽ ആച്ചുകുളങ്ങര ചൈത്രത്തിൽ മഹേഷിന്റെയും സുനിലയുടെയും മകൻ കെപി ശ്രീനികേത് ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. പറമ്പിൽ കളിക്കുന്നതിനിടെ ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീനികേതിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ധ്യാപകരായ മാതാപിതാക്കൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയപ്പോഴായിരുന്നു സംഭവം.
ദിവസങ്ങൾക്ക് മുമ്പാണ് തിരുവനന്തപുരത്ത് 14കാരൻ മുങ്ങിമരിച്ച സംഭവം ഉണ്ടായത്. വെളളറട ചിമ്മണ്ടിക്കുളത്തിലാണ് സംഭവം. കുന്നത്തുക്കാൽ സ്വദേശികളായ വിജയന്റെയും കലയുടെയും മകനായ അഭിനവാണ് മരിച്ചത്. നാല് സുഹൃത്തുക്കളോടൊപ്പമാണ് അഭിനവ് കുളത്തിൽ കുളിക്കാൻ പോയത്. കുളത്തിന്റെ പടിയിൽ നിന്ന് അഭിനവ് കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾക്കും നീന്തൽ അറിയില്ലായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അഭിനവിനെ പുറത്തെത്തിച്ചത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാരക്കോണം പി പി എം എച്ച് എസിലെ വിദ്യാർത്ഥിയായിരുന്നു. പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം വരാൻ കാത്തിരിക്കുകയായിരുന്നു അഭിനവ്.