കോഴിക്കോട്: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിെന്റ പൂന്താനം ജ്ഞാനപ്പാന അവാര്‍ഡ് കവി പ്രഭാ വര്‍മക്ക് നല്‍കുന്നതിനെ എതിര്‍ത്ത സംഘ്പരിവാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരന് അശോകന് ചരുവില്‍. കൃഷ്ണന്റെ ആത്മസംഘര്‍ഷങ്ങള്‍ ആവിഷ്ക്കരിച്ചു എന്ന കുറ്റമാണ് ‘ശ്യാമ മാധവ’ത്തിന് നേരെ സംഘ്പരിവാര്‍ ആരോപിക്കുന്നതെന്ന് അശോകന് ചരുവില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ദൈവത്തിന് ആത്മസംഘര്‍ഷമുണ്ടാവുമോ എന്നാണ് ‘നിഷ്കളങ്കര്‍’ ചോദിക്കുന്നത്. ആത്മസംഘര്‍ഷം എന്ന കുറ്റം തന്നെയാണ് ‘ക്രിസ്തുവിന്റെ അന്ത്യപ്രലോഭനങ്ങള്‍’ എഴുതിയ കാസാന്ദ് സാക്കീസിനെതിരെ പണ്ട് മതയാഥാസ്ഥിതികര്‍ ചാര്‍ത്തിയത്.
മനസ്സിന് താലോലിച്ച് കള്ളക്കൃഷ്ണനെന്നൊന്നും വിളിച്ചു പോകരുതേയെന്ന് അമ്മമാരോട് അശോകന് ചരുവില്‍ അഭ്യര്‍ഥിക്കുന്നുണ്ട്. മണ്ണുവാരിത്തിന്നു, വെണ്ണകട്ടു, കുളക്കടവില്‍ ചെന്നു പെണ്ണുങ്ങളുടെ ഉടുചേല മോഷ്ടിച്ചു എന്നൊന്നും നാലാള് കേള്‍ക്കേ പറയല്ലേ. രാസലീല എന്ന വാക്ക് മിണ്ടരുത്. കേസാവും. കോടതിയില്‍ പ്രതിക്കൂട്ടില്‍ കയറി നില്‍ക്കേണ്ടി വരുന്നത് പോട്ടെ. പരിവാര്‍ ഭടന്മാര് രാത്രിയില്‍ വാളുമായി വന്ന് വീട്ടുവാതില്ക്കല് മുട്ടുകയില്ലെന്ന് എന്താണ് ഉറപ്പ്? എന്നും ഇദ്ദേഹം ചോദിക്കുന്നു.