കാണാതായ വിദ്യാർഥിനിയും സുഹൃത്തായ യുവാവും ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
ബാലുശ്ശേരി: താമരശ്ശേരി കരിഞ്ചോലയിൽനിന്നും 19-ാം തീയതി വെള്ളിയാഴ്ച പുലർച്ചെ കാണാതായ പത്താംക്ലാസ് വിദ്യാർഥിനിയെയും സുഹൃത്തായ യുവാവിനെയും ആളൊഴിഞ്ഞ വീടിന്റെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർഥിനി കരിഞ്ചോല പെരിങ്ങോട് ദേവനന്ദ (15), എകരൂൽ സ്വദേശിയായ പരപ്പിൽ വിഷ്ണു (21) എന്നിവരെയാണ് ബാലുശ്ശേരി കണ്ണാടിപ്പൊയിൽ കാപ്പിക്കുന്നിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിഷ്ണുവിന്റെ അമ്മയുടെ വീട് ഇതിനടുത്താണ്.
മൃതദേഹത്തിന് അഞ്ചു ദിവസത്തിലധികം പഴക്കമുള്ളതായി പോലീസ് പറഞ്ഞു. ബാലുശ്ശേരി സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.