ആലത്തൂരിൽനിന്ന് ബി.ജെ.പി. കള്ളവോട്ട് എത്തിച്ചു; തൃശൂരിൽ ഗുരുത ആരോപണവുമായിഎൽ.ഡി.എഫ്, പോളിങ് തടസ്സപ്പെട്ടു
കൊച്ചി: ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബി.ജെ.പി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് എൽ.ഡി.എഫ്. നഗരത്തിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ബി.ജെ.പി. വ്യാപകമായി വോട്ട് ചേർത്തിട്ടുണ്ടെന്നും തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം ഒൻപതിനായിരത്തിലേറെ പേർ ഇങ്ങനെ അനധികൃതമായി എത്തിയിട്ടുണ്ടെന്നും സി.പി.ഐ. നേതാവും വി.എസ്. സുനിൽകുമാറിന്റെ ചീഫ് ഇലക്ഷൻ ഏജന്റുമായ കെ.പി. രാജേന്ദ്രൻ ആരോപിച്ചു. ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിൽ സ്ഥിരതാമസക്കാരല്ലെന്ന് കാണിച്ച് എൽ.ഡി.എഫ്. ബൂത്ത് ഏജന്റുമാർ വോട്ടർമാരെ തടഞ്ഞതിനെ തുടർന്ന് പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ പോളിങ് ബൂത്തിൽ ഏറെനേരം വോട്ടെടുപ്പ് തടസ്സപ്പെട്ടു. ഒടുവിൽ വരണാധികാരി കൂടിയായ കലക്ടർ നേരിട്ടെത്തി ചർച്ചനടത്തിയ ശേഷമാണ് പോളിങ് സാധാരണ ഗതിയിലായത്.
ബി.ജെ.പിക്ക് ഇവിടെ ജയിച്ചേ മതിയാകൂ എന്നതിനാലാണ് അവർ തൃശൂരിൽ വ്യാപകമായി കള്ളവോട്ടുകൾ ചേർത്തിരിക്കുന്നതെന്ന് കെ.പി. രാജേന്ദ്രൻ പറഞ്ഞു. “ആലത്തൂരിൽ അവർ ജയിക്കില്ല. അതിനാൽ തൃശൂരിൽ താമസക്കാരല്ലാത്തവരുടെ പേരുകൾ ഇവിടത്തെ ഫ്ലാറ്റുകളുടെ അഡ്രസ്സിൽ വോട്ടർ പട്ടികയിൽ ചേർക്കുകയായിരുന്നു. അവസാനത്തെ വോട്ടർ പട്ടിക വന്നപ്പോൾ തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരത്തോളം വോട്ടുകൾ വർധിച്ചതും ഇതുമൂലമാണ്.
“ചിലർ മറ്റു സ്ഥലങ്ങളിലെ പേര് വെട്ടിയും ചിലർ ഇരട്ട വോട്ടുമായുമാണ് ഇവിടെ എത്തിയിരിക്കുന്നത്. ഇത് പരിശോധിച്ച് രേഖാമൂലം ഞങ്ങൾ പരാതി നൽകിയിട്ടുണ്ട്. പൂങ്കുന്നത്തെ മുപ്പതാം നമ്പർ ബൂത്തിൽ ഇവിടെ താമസക്കാരല്ലാത്ത 44 പേരെ ബി.എൽ.ഒ. വന്ന് പരിശോധന നടത്തി കണ്ടെത്തിയിരുന്നു.” അവരെല്ലാം ഇപ്പോൾ വോട്ട് ചെയ്യാൻ എത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വോട്ടർപട്ടികയിൽ പേരുള്ളവരെ എൽ.ഡി.എഫ്. അനധികൃതമായി തടയുകയാണെന്നാണ് ബി.ജെ.പി. പറയുന്നത്.