ഇപി ജയരാജന് ജാഗ്രത കുറവ് സംഭവിച്ചു; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമെന്ന് മുഖ്യമന്ത്രി
ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കറും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജനും കൂടിക്കാഴ്ച നടത്തിയതിൽ ഇപി ജയരാജനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപിക്ക് ജാഗ്രത കുറവുണ്ടായി എന്നും പിണറായി വിജയൻ പറഞ്ഞു. ഇത്തരക്കാരുമായി പരിയത്തിനപ്പുറത്തുള്ള ബന്ധമോ ലോഹ്യമോ ആവശ്യമില്ലെന്നും മുഖ്യമന്ത്രി വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
‘ഇന്ന് ആരെ വഞ്ചിക്കണമെന്ന് ആലോചിച്ച് ഉറക്കമുണരുന്നവർ നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിലുള്ള ആളുകളുമായുള്ള കൂട്ടുകെട്ട് സാധാരണഗതിയിൽ ഉപേക്ഷിക്കേണ്ടതായിരുന്നു. സഖാവ് ജയരാജൻ ഇത്തരം കാര്യങ്ങളിൽ വേണ്ടത്ര ജാഗ്രത കാണിക്കാറില്ല എന്നത് നേരത്തേ തന്നെ ഉള്ള അനുഭവമാണ്. തെരഞ്ഞെടുപ്പ് സമയങ്ങളിൽ തെറ്റായ പ്രചാരണങ്ങൾ അഴിച്ചുവിടാറുണ്ട്. അതിന്റെ ഭാഗമായേ ജനങ്ങൾ ഇതിനെ കാണുകയുള്ളൂ. സഖാവ് ഇപി ജയരാജൻ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗവും. ഇവിടെ എൽഡിഎഫ് കൺവീനറുമാണ്. പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം വലിയ പരീക്ഷണങ്ങളിലൂടെ കടന്നുവന്നതാണ്. അത് ഏത് കമ്യൂണിസ്റ്റുകാരനും ആവേശമുണർത്തുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുണ്ടായിട്ടുള്ളത്. അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ സിപിഎമ്മിനെതിരെയും എൽഡിഎഫിനെതിരെയും ഉന്നയിച്ചുള്ളതാണ്. അത്തരം ആരോപണത്തിൽ യാതൊരു കഴമ്പുമില്ലെന്ന് ജനങ്ങൾ മനസിലാക്കും. എനിക്കെതിരെ ദശാബ്ദങ്ങളായി പ്രവർത്തിക്കുന്ന ഒരു വൃത്തം ചുറ്റുമുണ്ട്. അവർക്ക് ഫണ്ടിങ്ങുണ്ട്. ഒരു കൂട്ടം മാധ്യമ പിന്തുണയുണ്ട്. അവരൊക്കെ ശ്രമിച്ചിട്ട് എന്ത് സംഭവിച്ചു. ഞാൻ ഇല്ലാതായിപ്പോയോ? അവർ ഉദ്ദേശിച്ചതുപോലെ ഞാൻ ആത്യന്തികമായി തകർന്നുപോയോ? എന്നും മുഖ്യമന്ത്രി ചോദിച്ചു.