സംസ്ഥാനത്ത് വോട്ടിങിനിടെ കുഴഞ്ഞു വീണ് മരിച്ചത് നാലുപേർ
വോട്ടെടുപ്പു ദിവസം നാലുപേർ കുഴഞ്ഞുവീണ് മരിച്ചു. തിരൂരിൽ തിരഞ്ഞെടുപ്പ് ക്യൂവിൽ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാദ്ധ്യാപകൻ ഹൃദയാഘാതം മൂലം മരിച്ചു. നിറമരുതൂർ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്കൂളിലെ 130-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കൽ) സിദ്ധീഖാണ്(63) മരിച്ചത്. കോഴിക്കോട് ടൗൺ ബൂത്ത് നമ്പർ 16 ലെ എൽഡിഎഫ് ബൂത്ത് ഏജന്റും കുഴഞ്ഞുവീണ് മരിച്ചു. കുറ്റിച്ചിറ സ്വദേശി അനീസ് മുഹമ്മദാ(66)ണ് മരിച്ചത്. അടുത്തുളള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അൽപ നേരം ഇവിടെ വോട്ടിങ് നിർത്തിവച്ചു. ആലപ്പുഴയിൽ വോട്ട് കഴിഞ്ഞുപോയ വയോധികനും മരിച്ചു. ആലപ്പുഴ കാക്കാഴം തെക്കുറി സ്വദേശി സോമരാജനാണ് (76) മരിച്ചത്. അരമണിക്കൂറോളം ക്യൂവിൽ കാത്തുനിന്നതിനുശേഷമാണ് സോമരാജൻ വോട്ട് ചെയ്തത്. തുടർന്ന് മകനോടൊപ്പം ഓട്ടോയിലേക്ക് കയറുമ്പോഴാണ് കുഴഞ്ഞുവീണത്. ഒറ്റപ്പാലത്ത് വാണി വിലാസിനി സ്വദേശി ചന്ദ്രനാണ് മരിച്ചത്. ക്യൂ നിന്ന് വോട്ട് ചെയ്ത് പുറത്തിറങ്ങുന്നതിനിടയിലാണ് കുഴഞ്ഞുവീണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.