വിധിയെഴുത്ത് നാളെ; പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി
കാസർകോട്: കേരളം നാളെ ബൂത്തിലേക്ക്. പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി. കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലേക്കാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്. പോളിംഗിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. പോളിംഗ് സാധനങ്ങളുടെ വിതരണം അതാതു കേന്ദ്രങ്ങളിൽ ആരംഭിച്ചു.കാസർകോട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ജി.എച്ച്.എസ്.എസ്. കുമ്പള, കാസർകോട് ഗവ. കോളേജ്, ചെമ്മനാട് ജമാഅത്ത് ഹയർസെക്കണ്ടറി സ്കൂൾ, ദുർഗാ ഹയർസെക്കണ്ടറി സ്കൂൾ, സ്വാമി നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ കാഞ്ഞങ്ങാട്, പയ്യന്നൂർ ജി.വി.എച്ച്.എസ്.എസ്, മാടായി ഗവ.ഹയർസെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ ആരംഭിച്ചു. ഉച്ചയോടെ പോളിംഗ് സാമഗ്രികളുമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ബൂത്തുകളിലേക്ക് നീങ്ങി തുടങ്ങും. കാസർകോട് മണ്ഡലത്തിൽ 14,52,230 വോട്ടർമാരാണുള്ളത്. ഇവരിൽ 32,827 കന്നി വോട്ടർമാരും 4934 പ്രവാസി വോട്ടർമാരുമാണ്. 1334 ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. ഏറ്റവും കൂടുതൽ ബൂത്തുകൾ ഉള്ളത് മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലാണ്-205. ഏറ്റവും കുറവ് ബൂത്തുകൾ കല്ല്യാശ്ശേരിയിലാണ്-170.
വോട്ടു ചെയ്യുന്നതിന് ഫോട്ടോ പതിച്ച വോട്ടർ തിരിച്ചറിയൽ കാർഡാണ് വോട്ടറെ തിരിച്ചറിയുന്നതിനുള്ള പ്രധാന രേഖ. പ്രസ്തുത കാർഡ് ഹാജരാക്കാൻ കഴിയാത്തവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച രേഖകൾ ഉപയോഗിക്കാം.
തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ വ്യാഴാഴ്ച വൈകിട്ട് നിലവിൽ വന്നു. ഏപ്രിൽ 27ന് വൈകിട്ട് ആറുവരെയായിരിക്കും നിരോധനാജ്ഞ.