കളിയ്ക്കാൻ പോയ കുട്ടികളെ കാണാതായി; അന്വേഷണത്തിനിടെ ഉപേക്ഷിക്കപ്പെട്ട കാറിൽ മരിച്ച നിലയിൽ
മുംബൈ: മുംബൈയിലെ ആൻടോപ് ഹിൽ ഏരിയയിൽ രണ്ടു കുട്ടികളെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചും ഏഴും വയസുളള കുട്ടികളാണ് മരിച്ചത്. ഇന്നലെ രാത്രി കുട്ടികളെ കാണാനില്ലെന്ന് രക്ഷിതാക്കൾ ആൻടോപ് ഹിൽ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തുന്നത്.
ഇന്നലെ ഉച്ചയ്ക്ക് വീടിനു സമീപം കളിക്കാനിറങ്ങിയ കുട്ടികൾ വീട്ടിൽ തിരിച്ചെത്താത്തതോടെയാണ് രക്ഷിതാക്കൾ പരാതി നൽകിയത്. പിന്നാലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ തെരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന കാറിലായിരുന്നു കുട്ടികൾ. കാറിനകത്ത് അബദ്ധത്തിൽ പെട്ടു പോയ കുട്ടികൾ ശ്വാസം മുട്ടി മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ ദേഹത്ത് പരിക്കേറ്റതിന്റെ പാടുകൾ ഒന്നുമില്ലെന്നും മരണത്തിൽ അസ്വഭാവികത ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അപകട മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.