പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക സി പി എം അനുകൂല സംഘടന ചോർത്തി; കള്ളവോട്ട് നടത്താൻ നീക്കമെന്ന് ആന്റോ ആന്റണി
പത്തനംതിട്ട: പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക സി പി എം അനുകൂല സംഘടന ചോർത്തിയെന്ന ആരോപണവുമായി പത്തനംതിട്ടയിലെ യു ഡി എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി. കള്ള വോട്ട് നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
‘തിരഞ്ഞെടുപ്പ് അട്ടിമറിക്ക് വളരെ ഹീനമായ തന്ത്രങ്ങളാണ് നടക്കുന്നത്. ഇവിടത്തെ പോളിംഗ് ഓഫീസർമാരായി നിശ്ചയിച്ചിരിക്കുന്നതിൽ കൂടുതലാളുകളും ഇടതുപക്ഷത്തിന്റേതാണ്. അവരുടെ ലിസ്റ്റ് ഇടതുപക്ഷ സംഘടനകൾക്ക് ചോർത്തിക്കൊടുത്തു.
നമ്മുടെ ആളാണ് ഇന്നയിടത്തെ പോളിംഗ് ഓഫീസർ എന്നും നിങ്ങൾക്ക് അവിടെ കള്ളവോട്ട് ചെയ്യാമെന്നും പറഞ്ഞ് ഈ ലിസ്റ്റ് എല്ലായിടത്തും പ്രചരിപ്പിക്കുകയാണ്. ഇതൊന്നും അംഗീകരിക്കാൻ സാധിക്കില്ല. പോളിംഗ് ഓഫീസർമാർ ആരൊക്കെയാണെന്ന് നിശ്ചയിച്ചിട്ടുള്ള ഓഡറുകൾ കളക്ടറേറ്റിൽ നിന്ന് പുറത്തുപോയ ചരിത്രമുണ്ടോ. ഇപ്പോൾ അത് പുറത്തുപോയിരിക്കുകയാണ്.’- അദ്ദേഹം ആരോപിച്ചു.
കളക്ടറെ നേരിട്ട് കണ്ട് പരാതി നൽകുമെന്ന് ആന്റോ ആന്റണി പറഞ്ഞു. ആരോപണത്തോട് ഇതുവരെ എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ഐസക് പ്രതികരിച്ചിട്ടില്ല. അതേസമയം, ആറ്റിങ്ങലിൽ ഇരട്ടവോട്ടുണ്ടെന്ന യു ഡി എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ ആരോപണം തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് തള്ളി. പരാതി വിശദമായി പരിശോധിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. കളക്ടർ നീതി നിർവഹണത്തിന് തയ്യാറാകണമെന്നായിരുന്നു അടൂർ പ്രകാശിന്റെ പ്രതികരണം.