കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴുവയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ; കൊലപാതകം പീഡനത്തിന് പിന്നാലെ
ഗാസിയാബാദ്: ഉത്തർപ്രദേശിലെ മസൂരിയിൽ ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലിൽ ഉപേക്ഷിച്ചു. വൈകിട്ട് കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
നേരം ഇരുട്ടിത്തുടങ്ങിയിട്ടും മകൾ വീട്ടിൽ വരാഞ്ഞപ്പോൾ മാതാപിതാക്കൾ എല്ലായിടത്തും അന്വേഷിച്ചു. സമീപ പ്രദേശത്തെ വീടുകളിലും മറ്റും നോക്കിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് മകളെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയും ചെയ്തു. പിറ്റേദിവസം രാവിലെയാണ് വീടിന് സമീപത്തെ അഴുക്കുചാലിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. ഇഷ്ടിക കഷ്ണങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
കൂലിപ്പണിക്കാരാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ. പെൺകുട്ടിയുടെ മൃതദേഹം വീട്ടിൽ നിന്ന് 50 മീറ്റർ അകലെയുള്ള അഴുക്കുചാലിലാണ് കണ്ടെത്തിയത്. ഇഷ്ടികകൊണ്ട് മൂടിയതിനാൽ നേരത്തെ മൃതദേഹം ശ്രദ്ധയിൽപ്പെട്ടില്ലെന്നും പൊലീസ് പറയുന്നു. പെൺകുട്ടിയുടെ തലയിൽ കല്ലുകൊണ്ട് ഇടിച്ചതിന്റെ പാടുകളുമുണ്ട്. പീഡിപ്പിച്ചതിന് ശേഷം തലയിൽ കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ പ്രതിയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും അന്വേഷണത്തിന് നാലംഗ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ഡി.സി.പി യാദവ് അറിയിച്ചു. സമീപപ്രദേശത്തെ സി.സി.ടി.വികളും പൊലീസ് പരിശോധിച്ച് വരികയാണ്.