മീന്മുട്ടിയില് തലയോട്ടിയും അസ്ഥികളും കണ്ടെത്തി; പുരുഷന്റേതെന്ന് സംശയം, സമീപത്ത് വസ്ത്രവും ഏലസും
കൊല്ലം:നെടുവന്നൂര്‍ കടവിനുസമീപം കല്ലട ഡാമിന്റെ ജലസംഭരണിയോടുചേര്‍ന്നുള്ള മീന്മുട്ടി വനപ്രദേശത്തുനിന്നു പുരുഷന്റേതെന്നു കരുതുന്ന തലയോട്ടിയും അസ്ഥികളും കണ്ടെത്തി.
വേനല്‍ കടുത്ത് ജലനിരപ്പ് താഴ്ന്നതോടെ ജലസംഭരണിയില്‍നിന്നു മത്സ്യബന്ധനത്തിനുപോയവരാണ് ജലാശയത്തിനു മറുകരയിലുള്ള വനത്തോടുചേര്‍ന്ന് തലയോട്ടി കണ്ട് പോലീസിനെ വിവരമറിയിച്ചത്.
കുളത്തൂപ്പുഴ പോലീസ് ജലസംഭരണിയിലൂടെ വനംവകുപ്പിന്റെ ബോട്ടെത്തിച്ച് സ്ഥലത്തെത്തി നടത്തിയ തിരച്ചിലില്‍ സമീപത്തായി അസ്ഥികൂടത്തിന്റെ ഭാഗങ്ങളും ഷര്‍ട്ടിന്റെയും അടിവസ്ത്രത്തിന്റെയും അവശിഷ്ടങ്ങളും ഇയാള്‍ ധരിച്ചിരുന്നതെന്നു കരുതുന്ന ഏലസുപോലുള്ള വസ്തുവും കണ്ടെത്തി. സമീപത്തെ മരത്തിന്റെ കൊമ്പില്‍ ദ്രവിച്ചുണങ്ങിയ തുണി കണ്ടെത്തിയതിനാല്‍ തൂങ്ങിമരിച്ചതാകാമെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ഫൊറന്‍സിക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ അസ്ഥികളും മറ്റു തെളിവുകളും ശേഖരിച്ച പോലീസ് സംഘം അസ്ഥികൂടത്തിനു മാസങ്ങളുടെ പഴക്കമുണ്ടെന്നും ശാസ്ത്രീയമായ പരിശോധനകള്‍ നടത്തിയെങ്കില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുകയുള്ളൂയെന്നും വ്യക്തമാക്കി. കുളത്തൂപ്പുഴ പോലീസ് പ്രദേശത്തും സമീപ പോലീസ് സ്റ്റേഷനുകളിലും അടുത്തിടെ കാണാതായവരുടെ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.