വീട്ടിൽക്കയറി വെട്ടിക്കൊന്നത് നാലുപേരെ, പക്ഷേ, ആളുമാറി; 65 ലക്ഷത്തിന് ക്വട്ടേഷൻ നൽകിയത് മൂത്തമകൻ
ബെംഗളൂരു: കര്‍ണാടകയിലെ ഗഡഗില്‍ നാലുപേരെ വീട്ടില്‍ക്കയറി വെട്ടിക്കൊന്ന സംഭവത്തില്‍ കുടുംബാംഗം ഉള്‍പ്പെടെ എട്ടുപേര്‍ പിടിയിലായി. ഗഡഗ്-ബെട്ട്ഗേരി മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പ്രകാശ് ബകലേയുടെ മകന് വിനായക് ബകലേ(31), ഫൈറോസ്(29), വാടക കൊലയാളികളായ ജിഷാന്‍(24), സാഹില്‍ അഷ്ഫാക് ഖാജി(19), സൊഹൈല്‍ അഷ്ഫാക് ഖാജി(19), സുല്‍ത്താന്‍ ജിലാനി ഷെയ്ഖ്(23), മഹേഷ് ജഗനാഥ് സലൂങ്ക(21), വഹീദ് ലിയാഖത്ത്(21) എന്നിവരെയാണ് പോലീസ് പിടികൂടിയത്. അറസ്റ്റിലായവരില്‍ വിനായകും ഫൈറോസും ഒഴികെയുള്ളവര്‍ മഹാരാഷ്ട്രയിലെ മിറാജ് സ്വദേശികളും ക്വട്ടേഷന്‍ സംഘാംഗങ്ങളുമാണ്.
ഏപ്രില്‍ 19-നാണ് മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റും വ്യവസായിയുമായ പ്രകാശ് ബകലേയുടെ വീട്ടില്‍ കയറി നാലുപേരെ അക്രമിസംഘം വെട്ടിക്കൊന്നത്. പ്രകാശ് ബകലേയുടെ രണ്ടാംവിവാഹത്തിലുള്ള മകന് കാര്‍ത്തിക് ബകലേ(27), ബന്ധുക്കളായ പരശുറാം ഹദിമാനി(55), പരശുറാമിന്റെ ഭാര്യ ലക്ഷ്മി(45), മകള്‍ അകാന്‍ക്ഷ(16) എന്നിവരാണ് കൊല്ലപ്പെട്ടത്. ഏപ്രില്‍ 19-ന് പുലര്‍ച്ചെ വീട്ടിലേക്ക് ഇരച്ചെത്തിയ അക്രമിസംഘം കണ്ണില്‍കണ്ടവരെയെല്ലാം വെട്ടിവീഴ്ത്തുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന പ്രകാശും രണ്ടാംഭാര്യ സുനന്ദയും ബഹളംകേട്ട് മുറിയുടെ വാതില്‍ പൂട്ടിയിരുന്നതിനാലാണ് രക്ഷപ്പെട്ടത്. ഇവര്‍ പോലീസിനെയും വിവരമറിയിച്ചു. ഇതോടെ അക്രമിസംഘം കടന്നുകളയുകയായിരുന്നു.
പ്രകാശിന്റെ ആദ്യഭാര്യയിലുള്ള മകനാണ് കേസിലെ ഒന്നാംപ്രതിയായ വിനായക് ബകലേ. ഇയാളാണ് മഹാരാഷ്ട്രയില്‍നിന്നുള്ള അക്രമിസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതെന്ന് പോലീസ് പറഞ്ഞു. അച്ഛന് പ്രകാശിനെയും രണ്ടാനമ്മയായ സുനന്ദയെയും സഹോദരന് കാര്‍ത്തിക്കിനെയും കൊല്ലാനായിരുന്നു വിനായക് ക്വട്ടേഷന്‍ നല്‍കിയത്. 65 ലക്ഷം രൂപയായിരുന്നു ക്വട്ടേഷന്‍ തുക. ഇതില്‍ രണ്ടുലക്ഷം രൂപ അഡ്വാന്‍സായും നല്കി. എന്നാല്‍, സംഭവദിവസം കാര്‍ത്തിക്കിന്റെ വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബന്ധുക്കളും ഇവരുടെ വീട്ടിലുണ്ടായിരുന്നു. കൊപ്പാള്‍ സ്വദേശികളായ പരശുറാമും കുടുംബവും വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്ത് മടക്കയാത്രയ്ക്ക് ട്രെയിന്‍ കിട്ടാത്തതിനാല്‍ അന്നേദിവസം പ്രകാശിന്റെ വീട്ടില്‍ തന്നെ തങ്ങി. തുടര്‍ന്ന് ക്വട്ടേഷന്‍ സംഘം വീട്ടില്‍ അതിക്രമിച്ചുകയറിയപ്പോള്‍ ആദ്യം കണ്ടത് പരശുറാമിനെയും ഭാര്യയെയും മകളെയുമായിരുന്നു. പ്രകാശ് ബകലേയും കുടുംബവുമാണെന്ന് തെറ്റിദ്ധരിച്ച് ക്വട്ടേഷന്‍ സംഘം ആളുമാറിയാണ് ഇവരെ വെട്ടിക്കൊന്നത്. പിന്നാലെ വീട്ടിലുണ്ടായിരുന്ന കാര്‍ത്തിക്കിനെയും പ്രതികള്‍ കൊലപ്പെടുത്തി.
അച്ഛന് പ്രകാശ് ബകലേയുമായുള്ള സാമ്പത്തികപ്രശ്നങ്ങളും വസ്തുവില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കവുമാണ് വിനായകിനെ ക്വട്ടേഷന്‍ നല്കാന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. ആദ്യ ഭാര്യയിലെ മകനായ വിനായകിന്റെ പേരില്‍ ഒട്ടേറെ വസ്തുവകകള്‍ പ്രകാശ് രജിസ്റ്റര്‍ ചെയ്തുനല്‍കിയിരുന്നു. മൂന്നുമാസം മുമ്പ് ഇതിലൊരു വസ്തു പിതാവിനെ അറിയിക്കാതെ വിനായക് വില്‍പ്പന നടത്തി. ഇക്കാര്യമറിഞ്ഞതോടെ പ്രകാശ് മകനെ ശകാരിക്കുകയും ഇനിയൊരു വസ്തുവും വില്‍പ്പന നടത്തരുതെന്ന് താക്കീത് നല്കുകയുംചെയ്തു. ഇതാണ് വിനായകിനെ ക്വട്ടേഷന്‍ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.
അച്ഛനെയും രണ്ടാനമ്മയെയും സഹോദരന് കാര്‍ത്തിക്കിനെയും കൊലപ്പെടുത്താനായിരുന്നു വിനായകിന്റെ പദ്ധതി. ഇതിനായി ഗഡഗിലെ യൂസ്ഡ് കാര്‍ ഡീലറായ ഫൈറോസിനെയാണ് വിനായക് ആദ്യം ബന്ധപ്പെട്ടത്. ഇയാള്‍ മുഖേന മഹാരാഷ്ട്രയിലെ മിറാജില്‍നിന്ന് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കി. ആകെ 65 ലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍ ഉറപ്പിച്ചത്. ഇതില്‍ പത്തുലക്ഷം അഡ്വാന്‍സായി നല്‍കണമെന്നായിരുന്നു കരാര്‍. എന്നാല്‍, രണ്ടുലക്ഷം മാത്രമാണ് വിനായക് അഡ്വാന്‍സായി ആദ്യം നല്‍കിയത്.
കവര്‍ച്ചയ്ക്കിടെ നടന്ന കൊലപാതകമെന്ന രീതിയില്‍ പദ്ധതി നടപ്പാക്കാനായിരുന്നു പ്രതികളുടെ തീരുമാനം. വീട്ടില്‍നിന്ന് കിട്ടുന്ന പണവും ആഭരണങ്ങളുമെല്ലാം കൊണ്ടുപോകാനും ക്വട്ടേഷന്‍ സംഘത്തിന് വിനായക് അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 19-ന് പദ്ധതി നടപ്പിലാക്കാന്‍ പ്രതികള്‍ തീരുമാനിച്ചു. എന്നാല്‍, സംഭവദിവസം ബന്ധുക്കളായ പരശുറാമും കുടുംബവും പ്രകാശിന്റെ വീട്ടിലുണ്ടായിരുന്നത് ക്വട്ടേഷന്‍ സംഘം അറിഞ്ഞിരുന്നില്ല. ഇതോടെ വീട്ടില്‍ക്കയറിയ പ്രതികള്‍ കണ്മുന്നില് കണ്ട ഇവരെയും വെട്ടിവീഴ്ത്തുകയായിരുന്നു.
ഗഡഗ് പോലീസ് സൂപ്രണ്ട് ബി.എസ്. നേമഗൗഡയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസില്‍ അന്വേഷണം നടത്തി 72 മണിക്കൂറിനുള്ളില്‍ മുഴുവന്‍ പ്രതികളെയും പിടികൂടിയത്. അന്വേഷണസംഘത്തിന് അഞ്ചുലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.