വിട്ളയിലെ കിണർ ദുരന്തം: മുഹമ്മദലിക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
കാസർകോട്: വിട്ളയിൽ കിണറിൽ ശ്വാസം മുട്ടി മരിച്ച ആനക്കല്ല് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് വൻജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. പൈവളിഗെ, ആനക്കല്ല് ഷോഡൻകൂറിലെ ഇബ്രാഹിമിന്റെ മകൻ മുഹമ്മദലി (23) വിട്ള, പരുത്തിപ്പാടിയിലെ ഇബ്രാഹിം (38) എന്നിവർ ഇന്നലെ ഉച്ച കഴിഞ്ഞാണ് അപകടത്തിൽപ്പെട്ടത്. കിണറിൽ റിംഗ് സ്ഥാപിക്കുന്നതിനായി കിണറ്റിലിറങ്ങിയതായിരുന്നു മുഹമ്മദലി. ശ്വാസം കിട്ടാതെ കിണറ്റിൽ കുടുങ്ങിയ ഇയാളെ രക്ഷിക്കാനാണ് സഹതൊഴിലാളിയായ ഇബ്രാഹിം ഇറങ്ങിയത്. വൈകിട്ട് ജോലി സമയം കഴിഞ്ഞിട്ടും മുകളിലേക്ക് വരാച്ചതിനെത്തുടർന്ന് സമീപവാസികൾ നടത്തിയ പരിശോധനയിലാണ് ഇരുവരും കിണറ്റിനകത്ത് വീണ് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ മുകളിലെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. വിട്ള താലൂക്കാശുപത്രിയിൽ നടന്ന പോസ്റ്റുമോർട്ടത്തിനു ശേഷം ചൊവ്വാഴ്ച രാത്രി 11 മണിയോടെ മുഹമ്മദലിയുടെ മൃതദേഹം ആനക്കല്ലിലെ വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വെച്ചു. തുടർന്ന് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ആനക്കല്ല് മൈമൂൻ ജുമാമസ്മിദ് അങ്കണത്തിൽ ഖബറടക്കി. മൈമൂനയാണ് മുഹമ്മദലിയുടെ മാതാവ്. മൂന്നു സഹോദരങ്ങളുണ്ട്. എ.കെ.എം അഷ്റഫ് എം.എൽ.എ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചു.