കൊട്ടിക്കലാശം നാളെ; എം.വി ബാലകൃഷ്ണൻ പയ്യന്നൂരിൽ, അശ്വിനിയുടെ റോഡ് ഷോ കുഞ്ചത്തൂരിൽ നിന്ന്, ഉണ്ണിത്താന്റെ റോഡ് ഷോ മേൽപ്പറമ്പിൽ നിന്ന് കാസർകോട് വരെ
കാസർകോട്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിൽ നാളെ കൊട്ടിക്കലാശം. വ്യാഴാഴ്ച നിശബ്ദ പ്രചരണം. വെള്ളിയാഴ്ച കേരളം ബൂത്തിലേക്ക് നീങ്ങും. കേരളത്തിലേ 20 മണ്ഡലങ്ങളിലടക്കം 89 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. പരസ്യപ്രചരണം ബുധനാഴ്ച വൈകുന്നേരം സമാപിക്കും. നേരത്തെ നിശ്ചയിച്ചതിൽ നിന്നും വ്യത്യസ്തമായി സ്ഥാനാർത്ഥികളുടെ കൊട്ടിക്കലാശം പരിപാടികളിൽ മാറ്റം വരുത്തിയിട്ടുണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥി എം.വി ബാലകൃഷ്ണന്റെ കൊട്ടിക്കലാശ പരിപാടി പയ്യന്നൂരിലായിരിക്കും. അതിന് മുന്നോടിയായി മഞ്ചേശ്വരത്ത് നിന്ന് റോഡ് ഷോയും ആലോചിക്കുന്നുണ്ട്.
യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ റോഡ്ഷോ മേൽപ്പറമ്പിൽ നിന്ന് ആരംഭിക്കും. പഴയ ബസ്സ്റ്റാന്റ് പരിസരത്തായിരിക്കും സമാപന പരിപാടി. എൻഡിഎ സ്ഥാനാർത്ഥി എം.എൽ അശ്വിനിയുടെ റോഡ് ഷോ കുഞ്ചത്തൂരിൽ നിന്ന് ആരംഭിച്ച് സീതാംഗോളി വഴി സഞ്ചരിച്ച് കാസർകോട് പഴയ പ്രസ്ക്ലബ്ബ് ജംഗ്ഷനിൽ സമാപിക്കും. ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച മഞ്ചേശ്വരത്ത് എത്തും. മണ്ഡലംതല കൊട്ടിക്കലാശ പരിപാടികൾ കൂടാതെ അതാത് പ്രാദേശിക തലങ്ങൾ കേന്ദ്രീകരിച്ചും പരിപാടി നടത്താനുള്ള ഒരുക്കത്തിലാണ് പ്രവർത്തകരും മുന്നണികളും.