വിറങ്ങലിച്ച് തായ്വാൻ; കുറഞ്ഞ സമയത്തിൽ ഉണ്ടായത് നിരവധി ഭൂചലനങ്ങൾ
തായ്പേയ്: തായ്വാൻ തലസ്ഥാനമായ തായ്പേയിൽ തുടർച്ചയായി ഭൂചലനങ്ങൾ . ഇന്ന് പുലർച്ചെയാണ് സംഭവം. കിഴക്കൻ ഹുവാലിയനിൽ നിന്ന് ഉത്ഭവിച്ച 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇതിൽ ഏറ്റവും ശക്തമായതെന്ന് സെൻട്രൽ വെതർ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സെൻട്രൽ വെതർ അഡ്മിനിസ്ട്രേഷൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, തിങ്കളാഴ്ച രാവിലെ 5.08ന് ആണ് ആദ്യത്തെ ശക്തമായ ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തി. തുടർന്ന് നിരവധി ഭൂചലനങ്ങളും ഭൂകമ്പങ്ങളും ഉണ്ടായി. അവസാനത്തേത് ഇന്ന് പുലർച്ചെ 2.30നാണ് ഉണ്ടായത്.
ഏപ്രിൽ മൂന്നിന് തായ്വാനിലുണ്ടായ അതിശക്തമായ ഭൂചലനത്തിന് പിന്നാലെ നിരവധി തുടർ ചലനങ്ങൾ ഉണ്ടാകുമെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നിരവധിപേരുടെ ജീവനെടുത്തിരുന്നു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായ ഹുവാലിയൻ പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായി.
700ലധികംപേർക്കാണ് അന്ന് പരിക്കേറ്റത്. ഇതിന്റെ ഭാഗമായി ജപ്പാനിലെ യോനാഗുനി ദ്വീപിൽ സുനാമിയുണ്ടായിരുന്നു. ഭൂകമ്പത്തിന്റെ ഭാഗമായി 26കെട്ടിടങ്ങൾ തകർന്നിരുന്നു. പല കെട്ടിടങ്ങളും 45 ഡിഗ്രി ചരിഞ്ഞു നിൽക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് പണികഴിപ്പിച്ച ദേശീയ നിയമനിർമ്മാണസഭയുടെ ഭിത്തികൾക്കും മേൽക്കൂരകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. തായ്വാനിലെ സെൻട്രൽ എമർജൻസി കമാൻഡ് സെന്റർ പറയുന്നതനുസരിച്ച് 91,000ത്തിലധികം വീടുകളിലും വൈദ്യുതി നഷ്ടപ്പെട്ടു. ഭൂകമ്പം മണ്ണിടിച്ചിലിനും കാരണമായിരുന്നു.
ഭൂകമ്പം ഉണ്ടായി ഏകദേശം 15 മിനിട്ടിന് ശേഷമാണ് യോനാഗുനി ദ്വീപിൽ സുനാമി ഉണ്ടായത്. റിപ്പോർട്ടുകൾ പ്രകാരം, 26 വർഷത്തിനിടെ ഒകിനാവയിൽ ഉണ്ടാകുന്ന ആദ്യത്തെ സുനാമിയാണിത്. മുമ്പ് 1999ൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 2500ലധികം ജനങ്ങൾ കൊല്ലപ്പെടുകയും 1300ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.