കൊച്ചിയിലെ സമ്പന്നരുടെ വീടുകൾ ഗൂഗിളിൽ നിന്ന് മനസിലാക്കി; ‘റോബിൻഹുഡ്’ എത്തിയത് പഞ്ചായത്ത് പ്രസിഡന്റായ ഭാര്യയുടെ കാറിൽ
കൊച്ചി: സംവിധായകൻ ജോഷിയുടെ പനമ്പിള്ളി നഗറിലെ വീട്ടിൽ കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് ‘ബീഹാർ റോബിൻഹുഡ്’ എന്നറിയപ്പെടുന്ന മുഹമ്മദ് ഇർഫാനെ (34) കൊച്ചിയിലെത്തിച്ചു. കർണാടകയിലെ ഉഡുപ്പിയിൽ ഇന്നലെയാണ് ഇയാൾ അറസ്റ്റിലായത്. ഇന്നുരാവിലെ ഏഴരയോടെയാണ് പ്രതിയെ കൊച്ചിയിലെത്തിച്ചത്. മോഷ്ടിച്ച സ്വർണ, വജ്രാഭരണങ്ങൾ ഇയാളുടെ കാറിൽ നിന്ന് കണ്ടെടുത്തിരുന്നു. പരാതി ലഭിച്ച് 10 മണിക്കൂറിനകമാണ് മോഷ്ടാവ് പിടിയിലായത്. ബീഹാർ സീതാമർഹി ജോഗിയ സ്വദേശിയാണ് ഇർഫാൻ.
ഏപ്രിൽ 20നാണ് മോഷണം ലക്ഷ്യമിട്ട് ഇർഫാൻ ബീഹാറിൽ നിന്ന് കൊച്ചിയിലെത്തിയതെന്ന് സിറ്റി പൊലീസ് കമ്മിഷണർ എസ് ശ്യാംസുന്ദർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊച്ചിയിലെ സമ്പന്നർ താമസിക്കുന്ന മേഖലകൾ ഗൂഗിളിൽ തിരഞ്ഞ് പ്രതി മനസിലാക്കിയിരുന്നു. തുടർന്ന് ബീഹാറിൽ നിന്ന് നേരിട്ട് കൊച്ചിയിലേയ്ക്ക് വരികയും പനമ്പിള്ളി നഗർ മനസിലാക്കി ജോഷിയുടെ വീട്ടിൽ മോഷണം നടത്തുകയുമായിരുന്നു.
ജോഷിയുടെ വീട് മാത്രം ലക്ഷ്യമിട്ടല്ല ഇർഫാൻ എത്തിയതെന്ന് പൊലീസ് പറയുന്നു. ഇതിന് മുൻപ് പനമ്പിള്ളി നഗറിലെ മൂന്ന് വീടുകളിൽകൂടി ഇയാൾ മോഷണശ്രമം നടത്തിയിരുന്നതായും കമ്മിഷണർ അറിയിച്ചു. രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലായി പത്തൊൻപതോളം മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. പ്രതിക്ക് പ്രാദേശിക സഹായം ലഭിച്ചോ എന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു ജോഷിയുടെ ‘ബി’ സ്ട്രീറ്റ് ‘അഭിലാഷം’ വീട്ടിൽ ഇർഫാൻ കവർച്ച നടത്തിയത്. അടുക്കളയുടെ ജനലിലൂടെ അകത്തുകടന്ന പ്രതി മുകൾനിലയിലെ രണ്ട് മുറികളിൽ നിന്ന് 25 ലക്ഷം രൂപയുടെ വജ്ര നെക്ലേസ്, 8 ലക്ഷം രൂപയുടെ 10 വജ്രക്കമ്മലുകൾ, 10 മോതിരങ്ങൾ, 10 സ്വർണമാലകൾ, 10 വളകൾ, വില കൂടിയ 10 വാച്ചുകൾ തുടങ്ങിയവയാണ് കവർന്നത്.
2021ൽ തിരുവനന്തപുരത്തെ പ്രമുഖ ജ്വല്ലറിയുടമയുടെ വീട്ടിലെ കവർച്ചയിലൂടെയാണ് ഇയാളുടെ പേര് കേരളാ പൊലീസിന്റെ രേഖയിൽ എത്തുന്നത്. അന്ന് രണ്ടരലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപയും കവർന്നിരുന്നു. ഏപ്രിൽ 14നായിരുന്നു കവർച്ച. തൊട്ടടുത്ത മാസം മറ്റൊരു കേസിൽ ഇയാൾ ഗോവയിൽ പിടിയിലായി. കൊവിഡ് വ്യാപനമായതിനാൽ അന്ന് ഇർഫാനെ കേരളാ പൊലീസിന് കസ്റ്റഡിയിൽ കിട്ടിയിരുന്നില്ല. നാല് മാസം മുമ്പാണ് ഇയാൾ ജയിൽമോചിതനായതെന്നാണ് വിവരം.
സൂപ്പർ ചോർ, ജാഗ്വാർ തീഫ് എന്നീ വിളിപ്പേരുകളുള്ള ഇർഫാന് നാട്ടിൽ ആഡംബരകാറുകളും ബംഗ്ലാവും ഭൂസ്വത്തുക്കളുമുണ്ട്. ഭാര്യ ഗുൽഷൻ പർവീൺ സീതാമർഹി ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്. സീതാമർഹി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന ബോർഡ് പതിപ്പിച്ച കാറിലാണ് പ്രതി കവർച്ചക്കായി കൊച്ചിയിലെത്തിയത്. ഇർഫാന് രണ്ട് പെൺമക്കളുണ്ട്.