കുമ്പളയിൽ ഗൾഫുകാരന്റെ വീട്ടിൽ വൻ കവർച്ച; യുവാവിനെ അക്രമിച്ച മുഖം മൂടി സംഘം തോക്കുചൂണ്ടി രക്ഷപ്പെട്ടു
കാസർകോട്: കുമ്പളയിൽ വീണ്ടും കവർച്ച. ഗൾഫുകാരന്റെ വീട് കുത്തിത്തുറന്ന് അകത്ത്
കടന്ന സംഘം അഞ്ചുപവൻ സ്വർണാഭരണങ്ങളും 35,000 രൂപയും കവർച്ച ചെയ്തു. മോഷ്ടാക്കളെ
പിടികൂടാൻ ശ്രമിച്ച വീട്ടുടമയുടെ സഹോദരനെ അക്രമിച്ച മുഖംമൂടി സംഘം കൈതോക്ക് ചൂണ്ടി
രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. സോങ്കാൽ, പ്രതാപ് നഗറിലെ ഗൾഫുകാരൻ
ബദറുൽ മുനീറിന്റെ വീട്ടിലാണ് കവർച്ച. ഈ വീട്ടിൽ ബദറുൽ മുനീറിന്റെ ഭാര്യ ഖദീജത്ത്
റഹ്നാസും രണ്ടു കുട്ടികളുമാണ് താമസം. എല്ലാ ദിവസവും വൈകുന്നേരം ഖദീജത്ത് റഹ്നാസും
രണ്ടു കുട്ടികളും വീടും ഗേറ്റും പൂട്ടി ഒരു കിലോമീറ്റർ അകലെയുള്ള പിതാവ് റഹ്മാൻ
മെഹമൂദിന്റെ വീട്ടിലേക്ക് പോകും. ഞായറാഴ്ചയും പതിവ് പോലെ മക്കളെയും കൂട്ടി പിതാവിന്റെ
വീട്ടിലേക്ക് പോയിരുന്നു. ഉപ്പളയിലെ വസ്ത്രവ്യാപാരിയാണ് ഖദീജത്ത് റഹ്നാസിന്റെ പിതാവ്
റഹ്മാൻ മഹ്മൂദ്. രാത്രിയിൽ കട പൂട്ടി മകനെയും കൂട്ടി വീട്ടിലേക്ക് പോവുകയായിരുന്നു ഇദ്ദേഹം.
മകളുടെ വീടിന് മുന്നിലെത്തിയപ്പോൾ ഗൈറ്റിന് സമീപം രണ്ട് ബൈക്കുകൾ നിർത്തിയിട്ട
നിലയിൽ കണ്ടു. വീട്ടിലെത്തി ഖദീജത്ത് റഹ്നാസിനോട് ചോദിച്ചപ്പോൾ ബൈക്കിനെ സംബന്ധിച്ച
വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതേ തുടർന്ന് സഹോദരൻ മുഹമ്മദ് റമീസ് സഹോദരിയുടെ
വീട്ടിലേക്ക് തിരിച്ചു വീട്ടിന് മുന്നിലെത്തിയപ്പോൾ ഗേറ്റ് പൂട്ടിയിട്ട നിലയിലായിരുന്നു. മുന്നിൽ രണ്ട്
ബൈക്കുകളും കാണപ്പെട്ടു. മതിൽ ചാടി കടക്കാൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. തുടർന്ന് ഗേറ്റ്
പിടിച്ചു കുലുക്കി ശബ്ദം ഉണ്ടാക്കിയതോടെ വീട്ടിനകത്ത് നിന്ന് മുഖം മൂടി ധരിച്ച രണ്ട് പേർ
പുറത്തിറങ്ങി വന്നു. തൊട്ടു പിന്നാലെ നാലുപേരുമെത്തി. തുടർന്ന് ആറു പേരും മതിൽ
ചാടിക്കടന്ന് പുറത്തെത്തി. സംഘത്തെ പിടികൂടാൻ ശ്രമിച്ചുവെങ്കിലും ഇരുമ്പ് വടി കൊണ്ട്
റമീസിന്റെ മുതുകിലിടിച്ചു. എന്നിട്ടും പിൻമാറാത്തതിനെത്തുടർന്ന് കൈതോക്കു ചൂണ്ടി
ഭീഷണിപ്പെടുത്തിയ ശേഷം സംഘം ബൈക്കുകളിൽ കയറി രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് നാട്ടുകാരും പൊലീസുമെത്തി പരിശോധിച്ചപ്പോഴാണ് അലമാര കുത്തിത്തുറന്ന് സ്വർണവും പണവും കൈക്കലാക്കിയ സംഭവം വ്യക്തമായത്. വീട്ടിലെ ടി.വി അടക്കമുള്ള സാധനങ്ങൾ ഇളക്കിയെടുത്ത് പായ്ക്ക് ചെയ്തു വെച്ച നിലയിലും കണ്ടെത്തി. സിസിടിവിയിൽ കവർച്ചകാരുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കുമ്പള പൊലീസെത്തി അന്വേഷണം ആരംഭിച്ചു.