രേഖകളില്ലാതെ രണ്ടുകോടി രൂപ കടത്താന്‍ ശ്രമം; ബിജെപി നേതാവടക്കം മൂന്ന് പേര് പിടിയില്‍
ബെംഗളുരു:ബെംഗളുരുവില്‍ രേഖകളില്ലാതെ രണ്ടുകോടി രൂപ കാറില്‍ കടത്താന്‍ ശ്രമിച്ച ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി അടക്കം മൂന്ന് പേര് അറസ്റ്റില്‍. ബിജെപി നേതാവ് ലോകേഷ് അമ്പേക്കല്ലു, വെങ്കിടേഷ് പ്രസാദ്, ഗംഗാധര്‍ എന്നിവര്‍ക്കെതിരെ ബെംഗളുരു കോട്ടണ്‍പേട്ട് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ചംരാജ്പേട്ടില്‍ എസ്എസ്ടി നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിച്ചില്ല, പണം സ്വീകരിക്കുന്നവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല എന്നീ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് മൂവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ട്ടി പ്രധിനിധികള്‍ക്കും മത്സരാര്‍ഥികള്‍ക്കും പതിനായിരം രൂപയില്‍ കൂടുതല്‍ പണം ചെക്ക് വഴിയും ഓണ്‍ലൈനായും മാത്രമെ നല്കാന് കഴിയൂവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനയുണ്ട്.
അതേസമയം സംഭവത്തില്‍ ഐടി നിയമലഘനം നടന്നിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍.