ഉപ്പളയില്‍ വീട്ടുകാര്‍ ഉംറക്ക് പോയ തക്കത്തില്‍ ഏഴു പവനും 70,000 രൂപയും കവര്‍ന്നു
ഉപ്പള:ദമ്പതികള്‍ ഉംറ നിര്‍വ്വഹിക്കാന്‍ പോയ തക്കത്തില്‍ വീടു കുത്തിത്തുറന്ന് ഏഴുപവന്‍ സ്വര്‍ണ്ണവും 70,000 രൂപയും കവര്‍ച്ച ചെയ്തു. ഉപ്പള, മജലിലെ മുഹമ്മദ് റഫീഖിന്റെ വീട്ടിലാണ് കവര്‍ച്ച.
ലൈറ്റ് ഓഫ് ചെയ്യാനായി തൊട്ടടുത്ത് താമസിക്കുന്ന മകള്‍ റിയാന ബാനു എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാര കുത്തിത്തുറന്നാണ് സ്വര്‍ണവും പണവും കൈക്കലാക്കിയത്. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഒരു മാസം മുമ്പാണ് മുഹമ്മദ് റഫീഖും ഭാര്യ സൈബുന്നീസയും ഉംറക്ക് പോയത്. അടുത്ത കാലത്തായി കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധികളില്‍ നിരവധി കവര്‍ച്ചകളാണ് നടന്നത്. എന്നാല്‍ ഒന്നില്‍ പോലും തുമ്പുണ്ടാക്കാന്‍ കഴിയാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.