ഭക്ഷണത്തിൽ വിഷം ചേർത്ത് ഒന്നരവയസ്സുള്ള ഇരട്ടമക്കളെ കൊലപ്പെടുത്തി;ആറുമാസം പ്രായമുള്ള കുഞ്ഞും മാതാവും ആശുപത്രിയിൽ
മൈസൂരു: ഭക്ഷണത്തിൽ വിഷം കലർത്തി കൊടുത്ത് ഒന്നരവയസ്സുള്ള ഇരട്ടമക്കളെ കൊലപ്പെടുത്തി. ആറുമാസം പ്രായമുള്ള കുഞ്ഞും മാതാവും ആശുപത്രിയിൽ. ശ്രീരംഗപട്ടണത്തെ തൃശൂൽ, തൃഷ എന്നിവരാണ് കൊല്ലപ്പെട്ടത്. മാതാവ് പൂജ, ആറു മാസം പ്രായമുള്ള മകൾ വൃന്ദ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയെ തുടർന്ന് അവശനിലയിലാണ് മാതാവിനെയും മൂന്നു മക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ചികിത്സക്കിടയിൽ ഇരട്ടക്കുട്ടികൾ കൊല്ലപ്പെട്ടു. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തപ്പോഴാണ് വിഷം അകത്തു ചെന്നത് മൂലമാണ് മരണം സംഭവിച്ചതെന്ന കാര്യം വ്യക്തമായത്. തുടർന്ന് പൊലീസ് മാതാവിൽ നിന്നും മൊഴിയെടുത്തു. ഭർത്താവിന്റെ നിരന്തര പീഡനവും ശല്യവും സഹിക്കാൻ കഴിയാതെയാണ് മക്കൾക്ക് വിഷം കലർത്തിയ ഭക്ഷണം നൽകിയതിന് ശേഷം താനും വിഷം കഴിച്ചതെന്നാണ് പൂജ നൽകിയ മൊഴി. കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.