അമ്മയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചത് 4000 രൂപയുടെ കളളനോട്ട്, മകനും ബന്ധുവും പിടിയിൽ
തിരുവനന്തപുരം: പൂവച്ചൽ എസ്ബിഐ ശാഖയിലെ ക്യാഷ് ഡിപ്പോസിറ്റ് മെഷീനിൽ (സിഡിഎം) നിന്നും കളളനോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. ആര്യനാട് പറണ്ടോട് സ്വദേശി ബിനീഷും (26) മുളളൻകല്ല് സ്വദേശി ജയനുമാണ് (47) കാട്ടാക്കട പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം സിഡിഎമ്മിൽ നിന്നും 500ന്റെ എട്ട് കളളനോട്ടുകൾ ബാങ്ക് അധികൃതർക്ക് ലഭിച്ചതിന് പിന്നാലെയാണ് വിവരം പുറത്തുവന്നത്.
തുടർന്ന് നടത്തിയ സിസിടിവി പരിശോധനയിൽ നിന്നാണ് യഥാർത്ഥ പ്രതികളെ തിരിച്ചറിഞ്ഞത്. പരിശോധനയിൽ പിടിയിലായ ബിനീഷ് അമ്മയുടെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചതെന്ന് കണ്ടെത്തി. തുടർന്ന് ബാങ്ക് മാനേജർ കാട്ടാക്കട പൊലീസിന് പരാതി നൽകി. ബിനീഷിനെ കസ്റ്റഡിയിൽ എടുത്തതിന് ശേഷം നടത്തിയ വിശദമായ അന്വേഷത്തിനൊടുവിലാണ് ബന്ധുവായ ജയനും പിടിയിലായത്. ജയന്റെ വീട്ടിൽ നിന്ന് കളളനോട്ടുകൾ അച്ചടിക്കുന്നതിനുളള സംവിധാനങ്ങളും പൊലീസ് കണ്ടെടുത്തു.
ജയന്റെ വീട്ടിലുണ്ടായിരുന്ന സ്കാനറിന്റെ സഹായത്തോടുകൂടിയാണ് 500ന്റെയും 100ന്റെയും നോട്ടുകൾ പ്രതികൾ നിർമിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പ്രതികൾ ഉപയോഗിച്ചിരുന്ന പ്രിന്റർ, കമ്പ്യൂട്ടർ, മഷി, പേപ്പറുകൾ, തുടങ്ങിയവയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികൾ ഇത്തരത്തിൽ കളളനോട്ടുകൾ മറ്റെവിടെയങ്കിലും വിതരണം ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാട്ടാക്കട ഡിവൈ. എസ് പി ജയകുമാർ,എസ് ഐ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.