സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്; പുതിയ പാർട്ടി രൂപീകരിക്കിച്ചു, തുഷാർ വെള്ളാപ്പള്ളിക്ക് പിന്തുണ
കോട്ടയം: കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വിട്ട സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്. സജിയുടെ നേതൃത്വത്തിൽ പുതിയ കേരള കോൺഗ്രസ് പാർട്ടി രൂപീകരിച്ചു. കേരള രാഷ്ട്രീയ നഭസിൽ ഉദിച്ചുയരുന്ന പുതിയ പാർട്ടിയുടെ പേര് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്നായിരിക്കുമെന്ന് സജി പ്രഖ്യാപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് പാർട്ടി പിന്തുണ പ്രഖ്യാപിക്കുമെന്നും സജി പറഞ്ഞു.
മുന്നണികളിൽ നിന്ന് നേരത്തേ തന്നെ ക്ഷണം ലഭിച്ചിരുന്നതായി സജി അറിയിച്ചിരുന്നു. മോൻസ് ജോസഫ് എംഎൽഎയുടെ ഏകാധിപത്യ പ്രവണതകളിൽ പ്രതിഷേധിച്ചാണ് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനവും യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും രാജിവച്ചതെന്നാണ് സജി നേരത്തേ പ്രതികരിച്ചിരുന്നത്. പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്നും അന്ന് സജി പറഞ്ഞിരുന്നു.
സജി മഞ്ഞക്കടമ്പിലിന്റെ രാജിയിൽ നേരത്തേ കോൺഗ്രസ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പറഞ്ഞ് പരിഹരിക്കാമായിരുന്ന പ്രശ്നം ജോസഫ് ഗ്രൂപ്പ് വഷളാക്കിയെന്നാണ് കോൺഗ്രസ് വിമർശിച്ചത്. സജിയുടെ രാജി മുന്നണി പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും കോൺഗ്രസ് വിലയിരുത്തി. ഇക്കാര്യത്തിലെ അതൃപ്തി പിജെ ജോസഫിനെ കോൺഗ്രസ് അറിയിക്കുകയും ചെയ്തു. മുന്നണിയുടെ വിജയസാദ്ധ്യതയെ ബാധിക്കാതെ പ്രശ്നം പരിഹരിക്കാമെന്ന നിലപാടിലായിരുന്നു കോൺഗ്രസ്.
എന്നാൽ, മുന്നണിയും പാർട്ടിയും തന്നെ അവഗണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സജി മഞ്ഞക്കടമ്പിലിന്റെ രാജി. മോൻസ് ജോസഫുമായുള്ള അഭിപ്രായ ഭിന്നതകളാണ് സജിയുടെ രാജിയിൽ കലാശിച്ചത്. ജോസഫ് ഗ്രൂപ്പിന്റെ കോട്ടയത്തെ മുതിർന്ന നേതാവ് കൂടിയായിരുന്നു സജി. കോട്ടയത്ത് സ്ഥാനാർത്ഥിയാവാൻ സജി മഞ്ഞക്കടമ്പിൽ ആഗ്രഹിച്ചിരുന്നു. അദ്ദേഹം പരസ്യമായി ഇക്കാര്യം പറയുകയും ചെയ്തിട്ടുണ്ട്.
പിന്നീട് പിജെ ജോസഫ് ഇടപെട്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ പരിഗണിക്കാമെന്ന് പറഞ്ഞ് അനുനയിപ്പിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിക്കാനും തുടങ്ങിയിരുന്നു. പിന്നാലെയാണ് മാറ്റിനിർത്തുന്നുവെന്ന തോന്നൽ സജിക്കുണ്ടായതും അത് രാജിയിൽ കലാശിച്ചതും.