ദമ്പതികളെന്ന വ്യാജേന താമസം; പണി ലഹരി വിൽപ്പന, യുവതി യുവാക്കൾ അറസ്റ്റിൽ
കണ്ണൂർ: ദമ്പതികളെന്ന വ്യാജേന ക്വാർട്ടേഴ്സിൽ താമസിച്ച് കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്ന യുവതി-യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ്, സിമ്പാർവനഗർ സ്വദേശി അബ്ദുൽ റഹ്മാൻ അൻസാരി (21), ആസാം സ്വദേശി മോനൂറ ബീഗം (20) എന്നിവരെയാണ് കണ്ണൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെ തളിപ്പറമ്പ് പൊലീസ് ഇൻസ്പെക്ടർ ബെന്നിലാലും സംഘവും അറസ്റ്റ് ചെയ്തത്. കരിമ്പത്തെ ഒരു ക്വാർട്ടേഴ്സിൽ താമസക്കാരാണ് ഇരുവരും. ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വിൽപ്പനയും അനാശ്യാസ പ്രവർത്തനങ്ങളും നടക്കുന്നുവെന്ന് നേരത്തെ പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്വാർട്ടേഴ്സ് നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച രാത്രി 11 മണിയോടെ വ്യക്തമായ സൂചനകളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. ഇവർ താമസിച്ചിരുന്ന മുറിയിൽ 1.200 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. അറസ്റ്റിലായ യുവതിയുവാക്കൾക്കെതിരെ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.