ഫേസ്ബുക്കിലൂടെ പരിചയം; വിദേശ വനിതയെ കേരളത്തിലെത്തിച്ച് പീഡിപ്പിച്ച ശേഷം പണവുമായി മുങ്ങി
ഇടുക്കി: വിദേശ വനിതയെ പീഡിപ്പിച്ച ശേഷം പണവുമായി കോയമ്പത്തൂർ സ്വദേശി മുങ്ങിയെന്ന് പരാതി. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി പ്രേംകുമാർ (50) ആണ് സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം വിദേശ വനിതയെ കേരളത്തിലെത്തിച്ച് പീഡിപ്പിച്ചത്. 39കാരിയായ ചെക്കോസ്ലോവാക്യൻ യുവതിയാണ് ഇയാൾക്കെതിരെ കുമളി പൊലീസിൽ പരാതി നൽകിയത്. പ്രേംകുമാർ എന്നയാൾ പീഡിപ്പിച്ചെന്നും പണം തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു.
കഴിഞ്ഞ ഡിസംബർ മുതലാണ് യുവതി പ്രേംകുമാറുമായി ഫേസ്ബുക്കിലൂടെ സൗഹൃദത്തിലാകുന്നത്. തുടർന്ന് വാട്സാപ്പ് ചാറ്റിലൂടെ ഇയാൾ വിദേശ വനിതയെ ദക്ഷിണേന്ത്യ സന്ദർശിക്കാൻ ക്ഷണിക്കുന്നു. ഇതുപ്രകാരം കഴിഞ്ഞ 12നാണ് യുവതി കൊച്ചിയിലെത്തുന്നത്. അവിടെ നിന്ന് സ്വന്തം കാറിലാണ് പ്രേംകുമാർ യുവതിയെ കൂട്ടിക്കാെണ്ടുപോകുന്നത്. ശേഷം ചെറായിയിലുള്ള റിസോർട്ടിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇവിടെ വേറെ ആരെയും പരിചയമില്ലാത്തതിനാൽ യുവതിക്ക് ഈ സംഭവം മറ്റാരുടെയും ശ്രദ്ധയിൽപ്പെടുത്താനോ പൊലീസിൽ പരാതി നൽകാനോ സാധിച്ചില്ല.
പ്രതി ആലപ്പുഴയിൽ വച്ചും പീഡനം തുടർന്ന്. പിന്നീട് ഇയാൾ യുവതിയുമായി വഴക്ക് ഉണ്ടാക്കുകയും ചിലവിനായി ഏൽപ്പിച്ച 30,000 രൂപയും 200 പൗണ്ടും തിരികെ നൽകാതെ മുങ്ങുകയുമായിരുന്നു. തുടർന്നാണ് വിദേശ വനിത പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കേസെടുത്ത് പൊലീസ് പ്രതിയ്ക്ക് വേണ്ടി തെരച്ചിൽ നടത്തുകയാണ്. പ്രതി തമിഴ്നാട്ടിലേക്ക് കടന്നതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.