ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ആരൊക്കെ ഇടംനേടും? സഞ്ജുവിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്
ന്യൂഡൽഹി: ജൂണിൽ നടക്കുന്ന ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നു. മേയ് ഒന്നിനകം ടീമിനെ പ്രഖ്യാപിക്കേണ്ടതുണ്ട്. 15 അംഗ ടീമിനൊപ്പം സ്റ്റാൻഡ് ബൈ ആയി അഞ്ചുപേരും ടീമിനൊപ്പമുണ്ടാകും. മേയ് അവസാനംവരെ ടീമിൽ മാറ്റത്തിന് അവസരമുണ്ട്. ടീം പ്രഖ്യാപനത്തിനു മുന്നോടിയായി, സെലക്ഷൻ കമ്മിറ്റി അധ്യക്ഷൻ അജിത് അഗാർക്കറിന്റെ നേതൃത്വത്തിൽ ഐ.പി.എല്‍ മത്സരങ്ങളിലെ പ്രകടനം സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ജൂൺ ഒന്നുമുതൽ യു.എസിലും വെസ്റ്റ് ഇൻഡീസിലുമായാണ് ലോകകപ്പ് മത്സരങ്ങൾ.
ഇന്ത്യൻ ടീമിൽ പുതുമുഖങ്ങൾക്ക് സാധ്യത വളരെകുറവാണെന്ന് ക്രിക്കറ്റ് ബോർഡിലെ മുതിർന്ന അംഗം സൂചനനൽകി. രോഹിത് ശർമ, വിരാട് കോലി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, കെ.എൽ. രാഹുൽ തുടങ്ങിയ സീനിയർ താരങ്ങൾ ടീമിലുണ്ടാകും. വിക്കറ്റ് കീപ്പർ ബാറ്ററായി മലയാളി താരം സഞ്ജു സാംസണിന്റെ പേരും സജീവപരിഗണനയിലുണ്ട്. പ്രധാന വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് തന്നെയാണ് പരിഗണനയിൽ. കെ.എൽ. രാഹുലും ഒപ്പമുണ്ട്.
ടോപ് ഓര്‍ഡര്‍ ബാറ്ററായി ടീമിൽ ഇടംപിടിക്കാൻ ശുഭ്മാൻ ഗില്ലും യശസ്വി ജയ്സ്വാളും തമ്മിൽ മത്സരമുണ്ട്.ഐ.പി.എലിൽ യശസ്വി അത്ര നല്ല ഫോമിലല്ല. എന്നാൽ, ഇടംകൈയനാണെന്നത് ഗുണമാകും. ഇവർ രണ്ടുപേരും ടീമിലെത്തിയാൽ ഫിനിഷർ റോളിൽ ശിവം ദുബെ, റിങ്കു സിങ് എന്നിവരിലൊരാൾക്ക് സ്ഥാനം നഷ്ടമാകുമെന്നാണ് റിപ്പോർട്ട്.