ലക്ഷ്യമിട്ടത് സല്മാൻ ഖാനെ പേടിപ്പിക്കാൻ; തോക്ക് കിട്ടിയത് മണിക്കൂറുകൾക്ക് മുൻപ്, കൂലി നാലുലക്ഷം രൂപ
മുംബൈ: ബോളിവുഡ് താരം സല്മാന് ഖാന്റെ വീടിനുനേരേ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാളെകൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തിനും വെടിവെപ്പ് നടത്തിയ രണ്ട് യുവാക്കള്‍ക്കുമിടയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചയാളെയാണ് ബുധനാഴ്ച രാത്രി ഹരിയാണയില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. അതേസമയം, ഇതുവരെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
സല്മാന് ഖാന്റെ വീടിനുനേരേ വെടിവെപ്പ് നടത്തിയ കേസില്‍ ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ സ്വദേശികളായ വിക്കി ഗുപ്ത(24), സാഗര്‍കുമാര്‍ പാലക്(21) എന്നിവരെ കഴിഞ്ഞദിവസംതന്നെ മുംബൈ പോലീസ് പിടികൂടിയിരുന്നു. കുപ്രസിദ്ധ ഗുണ്ടാനേതാവായ ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തില്‍പ്പെട്ടവരുടെ നിര്‍ദേശപ്രകാരമാണ് ഇരുവരും വെടിവെപ്പ് നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതിനായി നാലുലക്ഷം രൂപയാണ് ഇരുവര്‍ക്കും വാഗ്ദാനം ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു.
ആകെ വാഗ്ദാനംചെയ്ത നാലുലക്ഷം രൂപയില്‍ ഒരുലക്ഷം രൂപ പ്രതികള്‍ക്ക് മുന്‍കൂറായി നല്‍കിയിരുന്നു. സല്മാന് ഖാനെ കൊലപ്പെടുത്തുകയായിരുന്നില്ല ഇവരുടെ ലക്ഷ്യം. വെടിവെപ്പിലൂടെ നടനെ ഭയപ്പെടുത്തുക എന്നതായിരുന്നു ഉദ്ദേശ്യം. സംഭവം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് സാഗര്‍ കുമാറിന് തോക്ക് ലഭിച്ചത്. ഏപ്രില്‍ 13-ന് രാത്രി ബാന്ദ്രയില്വെച്ചാണ് ഒരാള്‍ ഇയാള്‍ക്ക് തോക്ക് കൈമാറിയത്. എന്നാല്‍, തോക്ക് കൈമാറിയത് ആരാണെന്നതില്‍ ഇപ്പോഴും വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സല്മാന് ഖാന്റെ പന്‍വേലിലെ ഫാംഹൗസും പ്രതികളുടെ നിരീക്ഷണത്തിലുണ്ടായിരുന്നു. തുടര്‍ന്നാണ് ബാന്ദ്രയിലെ വീടിന് മുന്നിലെത്തി വെടിവെപ്പ് നടത്തിയത്. പ്രതികള്‍ രണ്ടുപേരും നിരവധി സിംകാര്‍ഡുകളാണ് സ്വന്തമാക്കിയിരുന്നത്. വിവിധ സ്ഥലങ്ങളിലെത്തുമ്പോള്‍ ഇവയെല്ലാം മാറിമാറി ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടുകളിലുണ്ട്.
ഏപ്രില്‍ 14-ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സല്മാന് ഖാന്റെ മുംബൈ ബാന്ദ്രയിലെ വസതിയായ ഗ്യാലക്സി അപ്പാര്‍ട്ട്മെന്റിന് നേരേ വെടിവെപ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ടുപ്രതികളും വീടിന് മുന്നില്‍വെച്ച് അഞ്ച് റൗണ്ട് വെടിയുതിര്‍ത്തശേഷം രക്ഷപ്പെടുകയായിരുന്നു. ഇരുവരെയും പിന്നീട് ഗുജറാത്തിലെ കച്ചില്‍നിന്നാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം, സംഭവത്തില്‍ ഉള്‍പ്പെട്ട ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന് അന്മോള് ബിഷ്ണോയിക്കായി ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. വെടിവെപ്പ് നടത്തിയ രണ്ടുപേരുമായും അന്മോള് ബിഷ്ണോയി ഇന്റര്‍നെറ്റ് ഫോണിലൂടെ സംസാരിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മാത്രമല്ല, ഹരിയാണയില്‍നിന്ന് പിടിയിലായ ഇടനിലക്കാരന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത് ഇയാളാണെന്നും പോലീസിന് വ്യക്തമായിട്ടുണ്ട്.
സല്മാന് ഖാന്റെ വീടിന് നേരേ വെടിവെപ്പ് നടന്നതിന് പിന്നാലെ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയതും അന്മോള് ബിഷ്ണോയിയായിരുന്നു. ഇത് ട്രെയിലറാണെന്നാണ് അന്മോള് ബിഷ്ണോയി സംഭവത്തിന് പിന്നാലെ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഇത് ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പാണെന്നും ഇനി വെടിയുതിര്‍ക്കുന്നത് ആളില്ലാത്ത വീടുകളിലേക്കാവില്ലെന്നും കുറിപ്പിലുണ്ടായിരുന്നു.