കർണാടകയിൽ നിന്നും കാസർകോട് ഭാഗത്തേക്ക് 18 ചാക്കുകളിലായി കടത്താൻ ശ്രമിച്ച 31,488 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി;യുവാവ് അറസ്റ്റിൽ
കാസർകോട്: കാറിൽ കടത്താൻ ശ്രമിച്ച 31,488 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ
പൊലീസ് പിടികൂടി. യുവാവ് പിടിയിൽ. മുട്ടത്തൊടി ഹിദായത്ത് നഗർ സ്വദേശ അബൂബക്കർ സിദ്ധീഖിനെ(33)യാണ് കുമ്പള എസ്.ഐ ഉമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്. ബുധനാഴ്ച വൈകീട്ട് കുമ്പള ഹൈസ്ക്കൂൾ റോഡിൽ റോഡിൽ വാഹന പരിശോധന നടത്തവേയാണ് പുകയില കടത്ത് പിടികൂടിയത്. കർണാടകയിൽ നിന്നും 18 ചാക്കുകളിലായി ടയോട്ട കാറിലാണ് പുകയില ഉൽപന്നങ്ങൾ കടത്തിയത്. സിദ്ധീഖ് ഒറ്റയ്ക്കാണ് കാർ ഓടിച്ചുവന്നത്. സംശയം തോന്നിയ പൊലീസ് വാഹനം തടഞ്ഞ് വിശദമായി പരിശോധിക്കുകയായിരുന്നു. കർണാടകയിൽ നിന്നും കാസർകോട് ഭാഗത്തേക്ക് പുകയില മൊത്തമായി കടത്തുന്ന സംഘത്തിലെ കണ്ണിയെ ആണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയിൽ നിന്ന് 30,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. പുകയില ഉൽപന്നങ്ങൾ കടത്തിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.